കോവിഡ് ചികത്സക്കായി റോണപ്രേവ് ആന്റിബോഡിക്ക് അടിയന്തിര അനുമതി നൽകി ആരോഗ്യ മന്ത്രാലയം.

  • 24/08/2021

കുവൈത്ത് സിറ്റി :കോവിഡ് ചികത്സക്കായി  റോണപ്രേവ് ആന്റിബോഡിക്ക് അടിയന്തിര അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ ഫാർമസ്യൂട്ടിക്കൽ റെഗുലേറ്റർ അതോറിറ്റിയാണ്  ആന്റിബോഡി മരുന്നിന് അടിയന്തര ഉപയോഗ അനുമതി നൽകിയത്. കൊറോണ അണുബാധ തടയാനും ഗുരുതരാവസ്ഥയിലുള്ള  കോവിഡ്  രോഗികളെ  ചികിത്സിക്കാനും രോഗബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും റോണപ്രീവ് ഉപയോഗിക്കുന്നത്. യുഎസ് ബയോടെക് കമ്പനികളായ റെജെനെറോൺ,റോച്ചെ എന്നീവര്‍ വികസിപ്പിച്ച മരുന്ന് കുത്തിവയ്പ്പിലൂടെയോ ഇൻഫ്യൂഷൻ വഴിയോ നൽകുകയും ശ്വസനവ്യവസ്ഥയുടെ ലൈനിംഗിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്  ഇത് വൈറസുമായി  ബന്ധിപ്പിക്കുകയും കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുകയുമാണ് ചെയ്യുന്നത്. റോണപ്രീവിന്‍റെ ഉപയോഗത്തോടെ കോവിഡ് രോഗികളുടെ ആശുപത്രിവാസത്തിനുള്ള സാധ്യത കുറയ്ക്കാനാകുമെന്നും രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുവാന്‍ സാധിക്കുമെന്നും മന്ത്രാലയത്തിന്റെ ഡ്രഗ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുള്ള അൽ ബാദർ പറഞ്ഞു.  റോണപ്രേവ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചതായും അമേരിക്കയിലും ബിട്ടനിലും ഈ മരുന്ന് ഉപയോഗിക്കുന്നതായും ആരോഗ്യ അധികൃതര്‍ അറിയിച്ചു. 

Related News