വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്തിന് സാധ്യതയില്ലെന്ന് സൂചന.

  • 25/08/2021

കുവൈത്ത് സിറ്റി : വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്തിന് സാധ്യതയില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസിന് മന്ത്രിസഭ അനുമതി നല്‍കിയിരുന്നുവെങ്കിലും പ്രതിദിന ശേഷി വര്‍ദ്ധിപ്പിച്ചിരുന്നില്ല. രാജ്യത്തെക്കും രാജ്യത്തിനു പുറത്തേക്കുമുള്ള വിമാന സെര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്‍റെ ആവശ്യകത ഡിജിസിഎ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചതായാണ് വിവരം. മന്ത്രിസഭാ തീരുമാനം അനുസരിച്ച് ഈ രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുവാനുള്ള പദ്ധതി തയ്യാറായി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ അധികാരികളുടെ തീരുമാനത്തെ അടിസ്ഥാനമാക്കി വാണിജ്യ വിമാന സർവീസ് നടത്തുന്ന തീയതി പ്രഖ്യാപിക്കുമെന്നും അഡ്മിനിസ്ട്രേഷന്‍ എയർ ട്രാൻസ്പോർട്ട് ഡയറക്ടർ അബ്ദുല്ല അൽ റജ്ഹി വ്യക്തമാക്കി. 

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. നിലവില്‍ പ്രതിദിനം 7500 യാത്രക്കാര്‍ എന്ന തോതിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിരുന്നു  വ്യോമ ഗതാഗതത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പ്രവേശന വിലക്ക് പിന്‍വലിച്ചിട്ടും കുവൈത്തിലേക്ക് വരാന്‍ സാധിക്കാത്തത് പ്രവാസികളില്‍ വലിയ ആശങ്ക സൃഷ്ടി ച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആശ്വാസകരമായ വാര്‍ത്തകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍. 

Related News