ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി വര്‍ധിപ്പിച്ച്‌ കേന്ദ്രം

  • 26/08/2021


മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍ . പൊതുമേഖലാ ബാങ്കുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും സംശുദ്ധ സ്മാര്‍ട്ട് ബാങ്കിങ് ലക്ഷ്യമിട്ടുമുള്ള ഭേദഗതികളടങ്ങിയ 'ഈസ് 4.0' (എന്‍ഹാന്‍സ്‌ഡ് ആക്സസ് ആന്‍ഡ് സര്‍വീസ് എക്സലന്‍സ്) നയം മുംബൈയില്‍ പുറത്തിറക്കിക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതു പ്രഖ്യാപിച്ചത്.

അതെസമയം ബാങ്ക് ജീവനക്കാരുടെ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്.) യിലേക്കുള്ള ബാങ്കുകളുടെ വിഹിതം പത്തു ശതമാനത്തില്‍നിന്ന് 14 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട് . കേന്ദ്രത്തിന്റെ പ്രഖ്യാപനമനുസരിച്ച്‌ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന് മുമ്പുണ്ടായിരുന്ന 9,284 രൂപയെന്ന പരിധി ഇല്ലാതാകും. അവസാന ശമ്പളത്തിന്റെ 30 ശതമാനമാക്കിയതോടെ 30,000 രൂപ മുതല്‍ 35,000 രൂപ വരെ പെന്‍ഷന്‍ ലഭ്യമാകുമെന്ന് ഫിനാന്‍സ് സെക്രട്ടറി ദേബാശിഷ് പാണ്ഡ വ്യക്തമാക്കി.

രാജ്യത്തെ ബാങ്കുകളുടെ സാമ്പത്തിക പ്രകടനം വിലയിരുത്തുന്നതിനും മഹാമാരിയുടെ പ്രതിസന്ധി മറികടക്കുന്നതില്‍ ഓരോ ബാങ്കും കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനുമായി ധനമന്ത്രി 12 പൊതുമേഖലാ ബാങ്കുകളുടെയും സി.ഇ.ഒ.മാരുമായി കൂടിക്കാഴ്ച നടത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡിഷ എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍ രൂപവത്കരിക്കാന്‍ മന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചു. ഇതോടൊപ്പം വായ്പവളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പദ്ധതികളൊരുക്കണം. ബാങ്കുകളുടെ നേതൃത്വത്തിലുള്ള ആസ്തി പുനര്‍നിര്‍മാണ കമ്ബനിയായ എന്‍.എ.ആര്‍.സി.എലിന് ലൈസന്‍സ് ലഭിക്കാനായി ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്.

Related News