വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അനാസ്ഥ തിരിച്ചടിയായി: പ്രതിസന്ധിയിലായി പ്രവാസികൾ

  • 27/08/2021


തിരുവനന്തപുരം : കൊറോണയെ തുടർന്ന് വിദേശത്തേക്കുള്ള തിരിച്ചുപോക്ക് പ്രതിസന്ധിയിലായ പ്രവാസികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ഗുരുതരമായ അനാസ്ഥയും തിരിച്ചടിയാവുകയാണ്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വെവ്വേറെ സർട്ടഫിക്കറ്റുകള്‍ അനുവദിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. 

കൊറോണ വാക്സിന്‍റെ രണ്ടു ഡോസുകള്‍ക്കിടയിലെ 84 ദിവസമെന്ന കാലാവധിയില്‍ പ്രവാസികള്‍ക്ക് ഇളവു നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇളവ് ലഭിച്ചതോടെ ആദ്യ ഡോസ് സ്വീകരിച്ച പലര്‍ക്കും മെയ് 15നും ജൂലൈ 15 നും ഇടയിൽ രണ്ടാം ഡോസ് എടുക്കാനായി. എന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് കേന്ദ്ര - കേരള സര്‍ക്കാരുകളുടെ രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്. 

കേരള സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് ചില രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കാതിരുന്നതോടെയാണ് പലര്‍ക്കും പ്രതിസന്ധിയുണ്ടായത്. പരാതികളിൽ വിവരശേഖരണം നടക്കുകയാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ അനിശ്ചിതമായി നീളുന്നത് പലർക്കും തൊഴിൽ നഷ്ടപ്പെടാൻ വരെ ഇടയാക്കും.

പ്രവാസികള്‍ ഏറെയുള്ള മലപ്പുറം , പത്തനംതിട്ട ജില്ലകളിലെ നിരവധി പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റിലെ അപാകത മൂലം ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടായത്. എന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയതിനു പിന്നാലെ സര്‍ക്കാരില്‍ നിന്നും പല ഉറപ്പുകളും ലഭിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും അവ പാലിക്കപ്പെട്ടില്ലാന്നാണ് പരാതിക്കാര്‍ പറയുന്നത്. അതേസമയം വൺ ടൈം രജിസ്ട്രേഷനിലൂടെ പ്രത്യേക സംവിധാനമൊരുക്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കുന്നത് പല വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരവധി പേർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related News