അഫ്ഗാനിൽ വേരുറപ്പിച്ച് താലിബാൻ: ഐഎസ്-കെയുടെ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയിൽ ഖിലാഫത്ത് ഭരണം: ഇൻ്റലിജൻസ്

  • 28/08/2021


ന്യൂഡെൽഹി: ഇന്ത്യയിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഐഎസ്-കെയുടെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ഇന്ത്യൻ രഹസ്യാന്വേഷണ സംഘം. കാബൂളിൽ കഴിഞ്ഞ ദിവസം സ്ഫോടനം നടത്തിയ സംഘടനയാണ് ഐഎസ്-കെ.

ഐഎസിന്റെ ഉപസംഘടനയായ ഐഎസ് ഖൊരാസന് മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റലിജൻസ് സൂചന നൽകുന്നു. പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തീവ്രവാദ ആക്രമണങ്ങൾ നടത്തുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഇവരുടെ മുഖ്യ അജണ്ടയാണ്. 'ആശയപരമായി ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിൽ ഇന്ത്യയും ഉൾപ്പെടുന്നു' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കേരളത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള യുവാക്കൾ ഐഎസ്ഐഎസിൽ ചേർന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചില വ്യക്തികൾക്കിടയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറയുന്നു.

ഇന്ത്യയിലുള്ള നിരവധി സെല്ലുകൾ സജീവമാകാൻ വഴിയൊരുക്കിയേക്കാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഐഎസ്-കെയുടെ റിക്രൂട്ട്മെന്റിൽ ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്താനെ താലിബാൻ ഏറ്റെടുക്കുന്നതോട് കൂടി തീവ്രവാദ സംഘങ്ങളുടെ ഉറച്ച മണ്ണായി ആ രാജ്യം മാറുകയാണ്. ജമ്മുകശ്മീരിൽ സ്ഥിരമായി ആക്രമണം നടത്താറുള്ള പാക് ആസ്ഥാനമായ തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് നേതൃത്വം കാണ്ഡഹാർ അതിർത്തിയായ അഫ്ഗാനിസ്താനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്ക് മാറിയതായും റിപ്പോർട്ടുണ്ട്.

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ലഷ്കറെ ത്വയ്ബയുടെ നേതൃത്വം കിഴക്കൻ അഫ്ഗാനിലെ കുനാറിലേക്ക് മാറിയതായും വിവരമുണ്ടെന്നാണ് രഹസ്യാന്വേഷണ സംഘങ്ങൾ പറയുന്നത്.

താലിബാൻ വാഗ്ദാനം ചെയ്ത സുരക്ഷ പാലിക്കാൻ കഴിയില്ലെന്ന് തെളിയാക്കാൻ കൂടിയാണ് ഐഎസ്-കെ കാബൂൾ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് വിവരം. അതൊടൊപ്പം തന്നെ തങ്ങളുടെ സ്വാധീനം തെളിയിക്കുക കൂടി ആക്രമണത്തിലൂടെ അവർ ലക്ഷ്യമിട്ടുവെന്നുമാണ് റിപ്പോർട്ട്.

Related News