പിൻവലിച്ച ബാച്ചിലെ മൊഡേണ വാക്‌സിൻ സ്വീകരിച്ചു: ജപ്പാനിൽ രണ്ടു യുവാക്കൾ മരിച്ചതായി റിപ്പോർട്ട്

  • 28/08/2021



ടോക്യോ: പിൻവലിച്ച ബാച്ചുകളിൽപ്പെട്ട മൊഡേണ വാക്സിൻ സ്വീകരിച്ച് ജപ്പാനിൽ രണ്ടുപേർ മരിച്ചതായി ജപ്പാൻ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മൊഡേണ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച യുവാക്കളാണ് ദിവസങ്ങൾക്കകം മരണത്തിനു കീഴടങ്ങിയത്. ഇരുവർക്കും മുപ്പതിനോടടുത്ത് പ്രായം വരും. മരണകാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്.

രാജ്യത്തെ 863 വാക്സിനേഷൻ സെന്ററുകളിൽ വിതരണം ചെയ്ത 1.63 ദശലക്ഷം മൊഡേണ വാക്സിൻ ഉപയോഗം ജപ്പാൻ വ്യാഴാഴ്ച നിർത്തിവച്ചിരുന്നു. ചില വാക്സിൻ സാമ്പിളുകളിൽ ലോഹ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.

എന്നാൽ, സുരക്ഷാ പ്രശ്നങ്ങളോ കാര്യക്ഷമതക്കുറവോ കാരണമല്ല, മുൻകരുതലിന്റെ ഭാഗമായാണ് വാക്സിൻ പിൻവലിക്കുന്നതെന്നായിരുന്നു സർക്കാരിന്റെയും മൊഡേണ കമ്പനിയുടെയും വിശദീകരണം.

അതിനിടെ 12 മുതൽ 17 വയസ്സുവരെ പ്രായമുള്ളവർക്ക് മൊഡേണ വാക്സിൻ നൽകാൻ കാനഡ അനുമതി നൽകി. നേരത്തേ 18 വയസ്സിനു മുകളിൽ ഉള്ളവർക്കുമാത്രമായിരുന്നു മൊഡേണ വാക്സിൻ ഉപയോഗത്തിന് അനുമതി.

Related News