കൊറോണ വന്നയാൾ ഒറ്റ ഡോസ് കോവാക്സിൻ എടുക്കുന്നത് രണ്ട് ഡോസിന് തുല്യമെന്ന് ഐസിഎംആർ പഠനം

  • 28/08/2021


ന്യൂഡെൽഹി : നേരത്തെ കൊറോണ ബാധിതരായ ശേഷം കോവാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവർക്ക് രണ്ട് ഡോസ് വാക്സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐ.സി.എം.ആർ പഠനം. ആരോഗ്യപ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ എന്നിവരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.

കൊറോണ നേരത്തെ ബാധിച്ച ശേഷം കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുന്നവർക്ക് കോവാക്സിൻ രണ്ട് ഡോസ് എടുത്തവരുടെ (ഇതുവരെ രോഗബാധിതരാവാത്തവർ) സമാന പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് ഐ.സി.എം.ആർ നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പഠനങ്ങളിൽ ആന്റിബോഡിയുടെ അളവ് മൂന്ന് ഘട്ടങ്ങളിലാണ് പരിശോധിക്കപ്പെട്ടത്. വാക്സിനെടുത്ത ദിവസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള ഒരു മാസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള രണ്ടാം മാസം എന്നീ ഘട്ടങ്ങളിലാണ് ആന്റിബോഡിയുടെ അളവുകൾ രേഖപ്പെടുത്തിയത്.

"ഇത് ആദ്യഘട്ട പഠനം മാത്രമാണ്. വലിയൊരു ജനസംഖ്യയിൽ ഈ പഠനം നടത്തി അനുകൂല ഫലം ലഭിക്കുകയാണെങ്കിൽ നേരത്തെ കൊറോണ ബാധിതരായവർക്ക് കോവാക്സിന്റെ ഒരു ഡോസ് മതിയെന്ന നിർദേശം നൽകാനാവും", ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞനും മീഡിയ കോ-ഓർഡിനേറ്ററുമായ ലോകേഷ് ശർമ്മ പറഞ്ഞു. ഇത് വാക്സിൻ ക്ഷാമത്തിന് ഒരു പരിധി വരെ ശമനമേകുമെന്നും അദ്ദേഹം വിലയിരുത്തി.

Related News