നാളത്തെ മന്ത്രിസഭായോഗം നിര്‍ണ്ണായകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് സൂചന.

  • 29/08/2021

കുവൈത്ത് സിറ്റി : ഇന്ത്യയടക്കമുള്ള ആറു  രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും ഇത് സംബന്ധമായ അനിശ്ചിതത്വം നിലനില്‍ക്കുകകയാണ്. ഇന്ത്യ, ഈജിപ്​ത്​, ബംഗ്ലാദേശ്​, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വിമാന സർവിസ് ആരംഭിക്കുമെന്ന് ഡിജിസിഎ സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെങ്കിലും എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

അതിനിടെ 6 പുതിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാണിജ്യ വിമാന സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നിലവില്‍ പ്രതിദിനം 7500 യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ അനുവദിച്ചിട്ടുളളത്. കൂടുതല്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡിജിസിഎ നല്‍കിയ ശുപാര്‍ശ നാളത്തെ യോഗത്തില്‍ പരിഗണിക്കുമെന്നാണ് സൂചനകള്‍ . വിമാനതാവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് ആരംഭിക്കുവാന്‍ സാധ്യതയുള്ളൂ. 

Related News