ആധാർ ഇന്ത്യന്‍ ഡിജിറ്റൽ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ്.

  • 29/08/2021

കുവൈത്ത് സിറ്റി :ആധാർ ഇന്ത്യന്‍ ഡിജിറ്റൽ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ്. ഇന്ത്യൻ എംബസി കുവൈറ്റ് ടെക്നിക്കൽ കോളേജിന്‍റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയർസ് ഓഫ് ഇന്ത്യ കുവൈറ്റ് ചാപ്റ്ററിന്‍റെയും സഹകരണത്തോടെ "സൈബർ സുരക്ഷ" എന്ന വിഷയത്തിൽ കുവൈറ്റ് ടെക്നിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ജോലി, വിദ്യാഭ്യാസം, ഭരണം, വിനോദം, വിനോദം തുടങ്ങിയ എല്ലാ മേഖലയും ഡിജിറ്റലൈസ് ചെയ്യപ്പെടുകയാണെന്നും സൈബർ ലോകമെന്നത് ജീവതത്തിന്‍റെ ഭാഗമായതായും അംബാസിഡര്‍ പറഞ്ഞു. കൊറോണ ലോകത്ത് മുന്നില്‍  വെല്ലുവിളി ഉയര്‍ത്തിയ സമയത്ത് ജോലിയും പഠനവും നമ്മുടെ വീടിന്‍റെ പരിസരങ്ങളിലേക്ക് മാറി. 

വീഡിയോ കോൺഫറൻസിംഗ് സാങ്കേതിക വിദ്യയിലൂടെ നേരിട്ടെത്താതെ ബിസിനസ്സ് മീറ്റിംഗുകളും സാമുഹിക ഇടപെടലും നമ്മള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. സൈബർ ലോകത്തോട് അടുക്കാന്‍ മടിച്ചിരുന്നവരെ  അടുപ്പിക്കുവാനും ലോകത്തെ മനുഷ്യരെ ഡിജിറ്റൽ പരിവർത്തനവുമായി പൊരുത്തപ്പെടുവാനും കോവിഡ് കാലം സഹായിച്ചതായി സിബി ജോര്‍ജ്ജ് പറഞ്ഞു. ഭാരത് നെറ്റ്, മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡപ്പ് ഇന്ത്യ തുടങ്ങിയ സുപ്രധാന സർക്കാർ പദ്ധതികൾ ഇന്ത്യയെ ഡിജിറ്റൽവല്‍ക്കരിക്കുവാന്‍ ഏറെ സഹായിച്ചു. 

ജനങ്ങളുടെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡി സംവിധാനമായ ആധാർ ഇന്ത്യയിലെ ഡിജിറ്റൽ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും  ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ഇലക്ട്രോണിക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ സിസ്റ്റം (ഇ-കെവൈസി), ഇലക്ട്രോണിക് ഡോക്യുമെന്റ് സ്റ്റോറേജ് സിസ്റ്റം (ഡിജിലോക്കർ), ഇലക്ട്രോണിക് സിഗ്നേച്ചർ സിസ്റ്റം (ഇ സൈൻ) തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളും ഡിജിറ്റല്‍ മേഖലയിലേക്കുള്ള നിര്‍ണ്ണായക ചുവട് വെപ്പാണെന്നും അംബാസിഡര്‍ പറഞ്ഞു.

സൈബർ സുരക്ഷയുടെ  മേഖലയിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഈ സെമിനാർ പ്രധാന പങ്ക് വഹിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.  കുവൈറ്റ് ടെക്നിക്കൽ കോളേജ് ട്രസ്റ്റി ബോർഡ് ചെയർമാൻ മിഷറി ബുദായ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളും സാങ്കേതിക വിദഗ്ധരും സെമിനാറിൽ പങ്കെടുത്തു.

Related News