ആയുധമേന്തി നിൽക്കുന്ന താലിബാൻ സംഘം പിന്നിൽ ; ഭയക്കേണ്ടതില്ലെന്ന് പേടിച്ചരണ്ട മുഖത്തോടെ വാര്‍ത്താവതാരകന്‍

  • 30/08/2021


കാബൂൾ: അഫ്ഗാനിസ്താനിലെ ഒരു വാർത്താ ചാനലിൽനിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്റ്റുഡിയോയിയിൽ ആയുധമേന്തി നിൽക്കുന്ന താലിബാൻ സംഘം പിന്നിൽ, അവർക്ക് മുന്നിലിരുന്ന് വാർത്ത വായിക്കുന്ന വാർത്താവതാരകൻ. ഭയക്കേണ്ടതില്ലെന്ന് പേടിച്ചരണ്ട മുഖത്തോടെ വാർത്താവതാരകൻ പറയുന്നത്. ഇറാനിയൻ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

തോക്കേന്തിയ താലിബാൻ സംഘം പിന്നിൽനിൽക്കുകയും അഫ്ഗാനിലെ ജനങ്ങൾ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാർത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റിൽ പറയുന്നു. ദശലക്ഷക്കണക്കിനാളുകളുടെ മനസ്സിൽ താലിബാൻ ഭയത്തിന്റെ മറ്റൊരു പേരാണെന്നും ഇത് അതിന്റെ മറ്റൊരു തെളിവാണെന്നും മാസിഹ് ട്വീറ്റിൽ പറയുന്നു.

ഓഗസ്റ്റ് 15-നാണ് താലിബാൻ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുക്കുന്നത്. അതിനു പിന്നാലെ മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. രാജ്യത്ത് സ്വതന്ത്രമാധ്യമപ്രവർത്തനം അനുവദിക്കുമെന്ന താലിബാന്റെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇത്തരത്തിലുള്ള വാർത്തകൾ പുറത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസം ടോളോ ന്യൂസിന്റെ അഫ്ഗാൻ റിപ്പോർട്ടർക്കും ക്യാമറാമാനും കാബൂളിൽവെച്ച് മർദനേമറ്റിരുന്നു. റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു മർദനം.

കാബൂളിലും ജലാദാബാദിലും താലിബാൻ മാധ്യമപ്രവർത്തകരെ മർദിക്കുന്നതായുള്ള വാർത്തകൾ പുറത്തെത്തിയിരുന്നു. കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളിൽ താലിബാൻ പരിശോധന നടത്തിയിരുന്നു. ജർമൻ മാധ്യമ സ്ഥാപനമായ ഡി.ഡബ്ല്യൂവിന്റെ റിപ്പോർട്ടറുടെ കുടുംബാംഗങ്ങളിൽ ഒരാളെ താലിബാൻ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Related News