ഫൈസർ വാക്സിന്റെ പാർശ്വഫലം: ന്യൂസീലൻഡിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

  • 30/08/2021


വെല്ലിംഗ്ടൺ: ന്യൂസീലൻഡിൽ ഫൈസർ വാക്സിന്റെ പാർശ്വഫലമെന്ന് കരുതുന്ന ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കൊറോണയ്ക്കെതിരെയുള്ള ഫൈസർ വാക്സിൻ സ്വീകരിച്ച യുവതിയാണ്, വാക്സിൻ സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്കകം മരിച്ചത്. യുവതിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല.

'ന്യൂസീലൻഡിൽ ഫൈസർ വാക്സിന്റെ പാർശ്വഫലവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ആദ്യമരണമാണിത്.' ആരോഗ്യ മന്ത്രാലയം പറഞ്ഞു. എന്നാൽ, ഫൈസർ വക്താക്കൾ ഇതെപ്പറ്റി പ്രതികരിച്ചിട്ടില്ല.

ഫൈസർ വാക്സിൻ സ്വീകരിക്കുന്നവരിൽ അത്യപൂർവ്വമായി സംഭവിക്കുന്ന 'മയോകാർഡൈറ്റിസ്' (Myocarditis) ആണ് മരണകാരണമെന്ന് വാക്സിൻ സുരക്ഷാ നിരീക്ഷണ ബോർഡ് വിലയിരുത്തി. ഹൃദയപേശികൾക്ക് വീക്കം ഉണ്ടാവുകയും രക്തം പമ്പ് ചെയ്യുന്ന അളവ് താഴ്ന്ന് ഹ്യദയമിടിപ്പിൽ വ്യതിയാനം വരുകയും ചെയ്യുന്ന അവസ്ഥയാണ് മയോകാർഡൈറ്റിസ്.

മരണത്തിന്റെ പ്രധാനകാരണം വാക്സിന്റെ പാർശ്വഫലമായുണ്ടായ മയോകാർഡൈറ്റിസ് തന്നെയാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. എന്നാൽ മറ്റ് അസുഖങ്ങളുടെ സാന്നിധ്യം ചിലപ്പോൾ വാക്സിന്റെ ഫലത്തെ ബാധിച്ചേക്കാമെന്ന് വാക്സിൻ സുരക്ഷാ നിരീക്ഷണ ബോർഡ് അഭിപ്രായപ്പെട്ടു. കേസ് ഉന്നതാധികാര സമിതിക്ക് മുൻപാകെ കൂടുതൽ വിലയിരുത്തലുകൾക്കായി സമർപ്പിച്ചിരിക്കുകയാണ്. അതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

എന്നാൽ, വാക്സിനെടുക്കുന്നതിന്റെ ഗുണഫലം, പാർശ്വഫലത്തെ അപേക്ഷിച്ച് വളരെ വലുതാണെന്ന് വാക്സിൻ സുരക്ഷാനിരീക്ഷണ ബോർഡ് വിലയിരുത്തി.

ഫൈസർ, ജാൻസെൻ, ആസ്ട്രസെനെക്ക തുടങ്ങിയ വാക്സിനുകൾക്ക് ന്യൂസീലൻഡിൽ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് വിതരണത്തിന് അനുമതി ഫൈസറിന് മാത്രമാണ്. നിലവിൽ ഡെൽറ്റ വകഭേദത്തോട് പടപൊരുതുന്ന രാജ്യത്ത് തിങ്കളാഴ്ച 53 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related News