12 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഇസ്രായേൽ : വിസമ്മതിക്കുന്നവരുടെ ഗ്രീൻപാസ് റദ്ദാക്കും

  • 30/08/2021


ഇസ്രായേൽ: 12 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കൊറോണ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഇസ്രായേൽ സർക്കാർ. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ വിസമ്മതിക്കുന്നവരുടെ ഗ്രീൻപാസ് റദ്ദാക്കുമെന്നും ഇസ്രായേൽ അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നവരുടെ പ്രായപരിധിയിൽ സർക്കാർ മാറ്റം വരുത്തുന്നത്. ആഗസ്റ്റ് മാസം ആദ്യം 60 വയസ്സ് പൂർത്തിയായവർ കൊറോണ വാക്സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. പിന്നീട് 30 വയസ്സിന് മുകളിലുള്ളവരെക്കൂടി ഇതിൽ ഉൾപ്പെടുത്തി.

ബൂസ്റ്റർ ഡോസ് യജ്ഞം വിജയമാണെന്നും രാജ്യത്ത് രണ്ട് മില്യൺ ആളുകൾ ഇതിനോടകം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി നാഫ്റ്റലി ബെന്നറ്റ് പറഞ്ഞു. മറ്റൊരു രാജ്യത്തിനും കൈവരിക്കാനാകാത്ത നേട്ടമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് അഞ്ച് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ ഗ്രീൻ പാസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റുരാജ്യങ്ങളിൽ നിന്നെത്തുന്നവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ ഒരാഴ്ചത്തെ ക്വാറന്റൈനിലും ഇളവുലഭിക്കും. പകരം 24 മണിക്കൂർ ക്വാറന്റൈനോ കൊറോണ പരിശോധനയോ മതിയാകും.

സർക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ആറ് മാസം കൂടുമ്പോൾ വാക്സിൻ എടുക്കാത്തവരുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കുകയാണെന്നും കൃത്യസമയത്ത് ബൂസ്റ്റർ ഡോസ് എടുക്കാത്തവരെ വാക്സിൻ എടുക്കാത്തവരായി കാണുന്നതാണ് സർക്കാരിന്റെ നയമെന്നും വിമർശനം ഉയരുന്നുണ്ട്.

നിരവധി രാജ്യങ്ങൾ വാക്സിൻ ക്ഷാമം അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് ഡബ്ല്യൂ.എച്ച്.ഒയുടെ നിർദ്ദേശം നിലനിൽക്കേയാണ് ഇസ്രായേൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്.

Related News