വാക്സിനേഷനിൽ പുതിയ റെക്കോർഡ്: ഇന്ത്യയിൽ ഇന്നലെ നൽകിയത് 1.25 കോടി ഡോസ്

  • 01/09/2021


ന്യൂഡെൽഹി: ഇന്ത്യയിൽ ഇന്നലെ മാത്രം 1.25 കോടി ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വാക്സിനേഷൻ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഓഗസ്റ്റിൽ മാത്രം 18.1 കോടി ഡോസ് വാക്സിനാണ് നൽകിയത്. ജൂലൈയിൽ ഇത് 13.45 കോടി ആയിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 65 കോടിയിലധികം ഡോസ് വാക്സിനാണ് നൽകിയത്. ഇതിൽ 50 കോടിയോളം പേർക്കാണ് ആദ്യ ഡോസ് നൽകിയത്.

ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 58.46 ലക്ഷം ഡോസുകളാണ് നൽകിയത്. ആദ്യമായാണ് പ്രതിദിന ശരാശരി 50 ലക്ഷം കടക്കുന്നത്. ഏപ്രിലിൽ ഇത് 29.96 ലക്ഷമായിരുന്നു, മേയിൽ വിതരണം കുറഞ്ഞതോടെ ഇത് 19.69 ലക്ഷമായി കുറഞ്ഞിരുന്നു. ജൂണിലും ജൂലൈയിലും വാക്സിൻ ഉത്പാദനം വർധിപ്പിച്ചതോടെ ഇത് 39.89 ലക്ഷവും 43.41 ലക്ഷവുമായി ഉയർന്നിരുന്നു.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലാണ് കൂടുതൽ ഡോസുകൾ വിതരണം ചെയ്തത്. 2.46 കോടി ഡോസാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. മറ്റു ഏഴ് സംസ്ഥാനങ്ങളിലും ഒരു കോടിയിലധികം ഡോസുകൾ ഓഗസ്റ്റിൽ നൽകി. മഹാരാഷ്ട്ര (1.43 കോടി); മധ്യപ്രദേശ് (1.42 കോടി); ബീഹാർ (1.30 കോടി); ഗുജറാത്ത് (1.26 കോടി); രാജസ്ഥാൻ (1.19 കോടി); കർണാടക (1.17 കോടി); പശ്ചിമ ബംഗാൾ (1.12 കോടി ഡോസുകൾ) എന്നിങ്ങനെയാണ് കണക്ക്.

ഈ മാസം 50 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയ സംസ്ഥാനങ്ങൾ തമിഴ്നാട് (93 ലക്ഷം), കേരളം (87.18 ലക്ഷം), ആന്ധ്രാപ്രദേശ് (86.46 ലക്ഷം), ഒഡീഷ (56 ലക്ഷം) എന്നിവയാണ്.

ചൊവ്വാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിതരണത്തിലെ വർദ്ധനവ് കാരണം സംസ്ഥാനങ്ങളിൽ ഉപയോഗിക്കപ്പെടാത്ത പോയ 5.42 കോടി വാക്സിൻ ഡോസുകൾ ഉണ്ടായിരുന്നു.

Related News