കുട്ടികളുടെ കളി സ്ഥലങ്ങള്‍ പുനരാരംഭിക്കുന്നു.

  • 01/09/2021

കുവൈത്ത് സിറ്റി: നീണ്ട കാലത്തെ ഇടവേളക്ക് ശേഷം കുട്ടികളുടെ വിനോദ പ്രവർത്തനങ്ങൾ ഇന്ന് മുതൽ രാജ്യത്ത് പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി കുട്ടികളുടെ കളി സ്ഥലങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു. 75 ശതമാനത്തോളം​ ആളുകൾ വാക്സിനുകള്‍ സ്വീകരിച്ചതും രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ  മഹാമാരി വരുത്തിവച്ച മരവിപ്പിൽനിന്നും പ്രതിസന്ധിയിൽനിന്നും കുവൈത്ത് അതിവേഗം പുറത്തുകടക്കുകയാണ്‌. രാജ്യത്തുടനീളമുള്ള  കളി സ്ഥലങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾക്കനുസൃതമായി  ആവശ്യമായ ആരോഗ്യ സുരക്ഷാ മുന്‍ കരുതലുകള്‍  സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

വിനോദ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ താപനില  പരിശോധിക്കുമെന്നും ഏതെങ്കിലും കേസ് സംശയിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മാനേജ്മെന്റുകള്‍ അറിയിച്ചു. അതിനിടെ സാമൂഹിക അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള കളികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടം പൂർണമായും വിജയത്തിലെത്തുംവരെ കൂടിച്ചേരലുകളിലും ആഘോഷങ്ങളിലും മിതത്വവും മുൻകരുതലും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Related News