കുവൈത്തില്‍ ആറു ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിന് അനുമതി; സെപ്റ്റംബറിൽ ആരംഭിക്കും

  • 01/09/2021

കുവൈത്ത് സിറ്റി : സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്‍റെ അനുമതി നേടിയതായി വൈദ്യുതി, ജല മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നാല്  ലക്ഷം വൈദ്യുതി സ്മാർട്ട് മീറ്ററുകളും രണ്ട് ലക്ഷം വാട്ടർ  സ്മാർട്ട് മീറ്ററും വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഓർഡർ ചെയ്ത 2 ലക്ഷം സ്മാർട്ട് മീറ്ററുകളിൽ 66000 എണ്ണം ഇതിനകം ലഭ്യമായതായും  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉടന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനം സെപ്റ്റംബറിൽ സാൽമിയയിൽ ആരംഭിക്കും. തുടർന്ന് ഹവല്ലിയിൽ ഫർവാനിയയിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. 

പരമ്പരാഗത മീറ്ററുകൾക്ക് പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതോടെ ദൈനദിന ഉപയോഗം മനസ്സിലാക്കി വൈദ്യുതി ക്രമീകരണം നടത്താൻ ഉപയോക്താവിന്‌ സാധിക്കും. വൈദ്യുതിവകുപ്പിന്‍റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും   ഉപയോക്താവിന്  ആശയവിനിമയം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.  മീറ്റർ കേടായാലോ ആരെങ്കിലും നശിപ്പിച്ചാലോ വൈദ്യുതിപ്രവാഹംമൂലം തകരാറിലായാലോ ജാഗ്രതാനിർദേശങ്ങൾ ഓരോ ഉപയോക്താവിനും വൈദ്യുതിവകുപ്പിനും ലഭിക്കും. ഒരു ഉപയോക്താവിന് കൂടുതൽ ബിൽ തുക വന്നാൽ എന്തുകൊണ്ടാണെന്നും അറിയാം. വൈദ്യുതിതടസ്സം നേരിട്ടാലും ഉടൻ പരിഹാരം കാണാം. വൈദ്യുതി തടസ്സപ്പെട്ടാൽ ഉദ്യോഗസ്ഥര്‍ക്ക്  സന്ദേശം എത്തുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. 

Related News