ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രതിവാരം 5500 യാത്രക്കാരെ അനുവദിക്കുമെന്ന് ഡിജിസിഎ

  • 01/09/2021

കുവൈത്ത് സിറ്റി : ഇന്ത്യയും നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുവാന്‍  തീരുമാനമായതായി ഡിജിസിഎ അറിയിച്ചു. ഇത് സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടര്‍ യൂസുഫ് അല്‍ ഫൌസാന്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനൂപ്‌ പന്തിന് കത്തയച്ചു.പുതിയ തീരുമാന പ്രകാരം ആഴ്ചയില്‍ ഏഴ് ദിവസവും ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ഉണ്ടാകും. കുവൈത്ത് ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വേസും ജസീറ  എയര്‍വേസും ഇന്ത്യന്‍ വിമാന കമ്പനികളുമാണ് സര്‍വീസുകള്‍ നടത്തുക. 

തുടക്കത്തില്‍  5528 യാത്രക്കാരെയാണ് അനുവദിക്കുക. ഞായറാഴ്ച 656 സീറ്റുകളും , തിങ്കളാഴ്ച 1112 സീറ്റുകളും, ചൊവ്വാഴ്ച 648 സീറ്റുകളും, ബുധനാഴ്ച 648 സീറ്റുകളും വ്യാഴം 1088 സീറ്റുകളും ,വെള്ളി 638 സീറ്റുകളും, ശനിയാഴ്ച 738 സീറ്റുകളുമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇന്ത്യ അന്താരാഷ്​ട്ര വിമാന സർവീസിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​ തുടരുന്ന പശ്ചാത്തലത്തിൽ  എയർ ബബിൾ സംവിധാനത്തിലൂടെയാണ്​ ഇപ്പോൾ സർവീസ്​ ആരംഭിക്കുന്നത്​. ഇതോടെ ദിവസങ്ങളായി ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതുമായി  നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്.  

Related News