ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ചു; പുറംലോകവുമായി ബന്ധവുമില്ല ; എങ്കിലും താലിബാൻ ഭീകരർക്ക് മുന്നിൽ മുട്ടുമടക്കാതെ പഞ്ചഷീർ താഴ്‌വര

  • 01/09/2021



കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ താലിബാൻ ഭീകരർക്ക് മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതുകയാണ് പഞ്ച്ഷീര്‍ താഴ്‌വര. മറ്റെല്ലാ അഫ്‌ഗാന്‍ പ്രദേശങ്ങളും താലിബാൻ ഭീകര നിയന്ത്രണത്തിനു കീഴില്‍ ആയപ്പോള്‍ താലിബാന്‍ ഭീകരർ പോലും പ്രതീക്ഷിക്കാത്ത ചെറുത്തു നില്‍പ്പാണ് പഞ്ച്ഷീറില്‍ നിന്നും നേരിടുന്നത്. താലിബാന്‍ ഭീകര വക്താവ് മാദ്ധ്യമങ്ങള്‍ക്കു നല്‍കിയ വിവരം അനുസരിച്ച്‌ പഞ്ച്ഷീര്‍ താഴ്‌വര മുഴുവനും താലിബാന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്.

വക്താവ് പറയുന്നതു പോലെ താലിബാൻ ഭീകരർക്ക് അത്ര അനുകൂലമല്ല പഞ്ച്ഷീറിലെ കാര്യങ്ങള്‍ എന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട് . നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (എന്‍ ആര്‍ എഫ്) ശക്തമായ ചെറുത്ത് നില്‍പാണ് പഞ്ച്ഷീറില്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്‌ഗാനിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനലായ അസ്വാക ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്നലെ രാത്രി 11 മണിയോട് അടുപ്പിച്ച്‌ താലിബാന്‍ സേന പഞ്ച്ഷീര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

അഹമമദ് മസൂദിന്റെ നേതൃത്വത്തില്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട്സിൻ്റെ ശക്തമായ തിരിച്ചടിയാണ് താലിബാന് നല്‍കിയത്. പോരാട്ടത്തില്‍ എത്ര പേര്‍ മരിച്ചുവെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നോ ഇതു വരെ വ്യക്തമായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ താലിബാന്‍ ഭീകരർ പഞ്ച്ഷീറില്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്.

ഇതിനു മുമ്പ് തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ എട്ട് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും അത്രതന്നെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്‍ആര്‍എഫിന്റെ പക്ഷത്തു നിന്ന് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ജീവഹാനി ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Related News