ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ കുവൈത്ത്; ടെർമിനൽ 2 പ്രോജക്ട് തുറന്നിടുന്നത് 15,000 തൊഴിലവസരങ്ങൾ

  • 02/09/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ 2 പ്രോജക്ട്, കുവൈത്തി യുവസമൂഹത്തിന് തുറന്നിടുന്നത് 15,000 തൊഴിലവസരങ്ങൾ ആണെന്ന് പൊതുമരാമത്ത്, ഐടി മന്ത്രി ഡോ. റാണ അൽ ഫാരിസ്. ആദ്യ പാക്കേജിൻ്റെ പൂർത്തിയാക്കൽ നിരക്ക് ഓഗസ്റ്റിൽ ഏകദേശം 54 ശതമാനമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് പ്രോജക്ടിൻ്റെ പുരോഗതി വിലയിരുത്താൻ എത്തിയിരുന്നു. ഇതിന് ശേഷമുള്ള പ്രതികരണത്തിൽ ടെർമിനൽ 2 ബിൽഡിംഗ്, വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ കുതിപ്പ് ഉണ്ടാക്കുമെന്നും ഉയർന്ന രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ നൽകാനാകുമെന്നും മന്ത്രി അൽ ഫാരിസ് പറഞ്ഞു. 

 4.36 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ടെർമിനൽ 2 നിർമ്മാണം 2022 അവസാന പാദത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പുതിയ പാസഞ്ചർ ടെർമിനലിൻ്റെ നിർമ്മാണം 2017 മെയിലാണ് ആരംഭിച്ചത്. ആറ് വർഷത്തെ കരാർ ടർക്കിഷ് കമ്പനിയായ ലിമാക്കിനാണ് നൽകിയിട്ടുള്ളത്. വർഷത്തിൽ 13 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ നിലവിൽ ശേഷിയുണ്ട്. ഇത് ഭാവിയിൽ 25 മുതൽ 50 മില്യൺ വരെ ഉയർത്താനും സാധിക്കും

5,000 കാർ പാർക്കുകൾ ഈ പ്രോജക്റ്റിൽ ഉൾക്കൊള്ളുന്നു, ട്രാൻസിറ്റ് ഏരിയയിലെ ഒരു ആധുനിക ഹോട്ടലിന് പുറമെ 51 വിമാനങ്ങൾ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന 30 നിശ്ചിത ബ്രിഡ്ജുകൾ  ഉൾക്കൊള്ളുന്നതുമാണ് പുതിയ ടെർമിനൽ. 

Related News