കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15,000 തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുന്നു

  • 02/09/2021

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ പൂര്‍ണ്ണമായി  പ്രവര്‍ത്തന സജ്ജമാകുന്നതോടെ 15,000 സ്വദേശികള്‍ക്ക്  തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി റാണ അൽ ഫാരസ് വ്യക്തമാക്കി. കഴിഞ്ഞ  ദിവസം നിര്‍മ്മാണം നടക്കുന്ന   ടെർമിനൽ 2  സന്ദര്‍ശിക്കുകയായിരുന്നു  മന്ത്രിയും സംഘവും . ടെർമിനൽ 2 വിലെ ആദ്യഘട്ടം നിർമാണം 54 ശതമാനത്തിലെത്തിയതായും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ  മികച്ച അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും വലിയ നവീകരണ പ്രവൃത്തിയാണ് നടക്കുന്നതെന്നും പൂര്‍ണ്ണമായും ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിര്‍മ്മാണം നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) സേവനങ്ങളുടെ അടിസ്ഥാനത്തിൽ എ ഗ്രേഡ് റാങ്കിംഗിലേക്ക് വിമാനത്താവള പദ്ധതിയെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായും അതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.  വിമാനത്താവള പദ്ധതി പൂർത്തിയാകുമ്പോൾ പുതിയ  ടെർമിനലിൽ 5,000 കാറുകള്‍ക്ക്  പാര്‍ക്കിംഗ് സൗകര്യവും  അതോടപ്പം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയും ട്രാൻസിറ്റ് ഏരിയയില്‍ ആധുനിക ഹോട്ടലും  51 വിമാനങ്ങൾക്ക് ഒരേസമയം ഉൾക്കൊള്ളാൻ 30 നിശ്ചിത പാലങ്ങളും  ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. 

Related News