വാക്‌സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം കൊളംബിയയില്‍ കണ്ടെത്തി

  • 02/09/2021


ജനീവ: കൊളംബിയയില്‍ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയെന്നും വാക്‌സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഇതെന്നു സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). കൂടുതല്‍ പഠനം ആവശ്യമുള്ള വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ പെടുത്താവുന്നതാണ് ഇതെന്നും ഡബ്ല്യൂഎച്ച്ഒ പ്രതിവാര വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞു.

എംയു എന്ന് അറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ ഔദ്യോഗികമായി പേരു നല്‍കിയിട്ടുള്ളത് ബി 1.621 എന്നാണ്. പല തവണ വകഭേദം സംഭവിച്ച എംയു വാക്‌സിനെ പ്രതിരോധിക്കുമെന്നാണ് കരുതുന്നതെന്ന് ബുള്ളറ്റിന്‍ പറയുന്നു.

കൊളംബിയയ്ക്കു പുറമേ മറ്റു തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും എംയു വകഭേദം കണ്ടെത്തിയിട്ടുണ്ട്. അതിവേഗം വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നതിനിടയിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

വാക്‌സിനേഷന്‍ വേഗത്തിലാക്കി കൊറോണയെ കീഴടക്കാനുള്ള ശ്രമങ്ങള്‍ക്കു പുതിയ വകഭേദങ്ങള്‍ ഉണ്ടാവുന്നതു തിരിച്ചടിയാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു

Related News