പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു

  • 03/09/2021


ന്യൂയോർക്ക്: പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. ഹൃദയ്തംഭനത്തെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. ലോകപ്രശസ്തങ്ങളായ ഗാനങ്ങളുൾപ്പെടെ ആയിരത്തിലധികം ഗാനങ്ങൾ തിയോദൊറാക്കിസിന്റെ പേരിലുണ്ട്.

ചലച്ചിത്രങ്ങൾക്ക് നൽകിയ ടൈറ്റിൽ സ്കോറുകളുടെ പേരിൽ ആഗോളതലത്തിൽ ആരാധകവൃന്ദത്തെ നേടിയ അപൂർവം സംഗീതസംവിധായകരിലൊരാളാണ് മിക്കിസ് തിയോദൊറാക്കിസ്. സോർബ ദ ഗ്രീക്ക്(1964), സെഡ്(1969), സെർപികോ(1973) എന്നീ ചിത്രങ്ങൾക്ക് നൽകിയ സംഗീതം അദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളാക്കി. വിവിധ സംഗീതശാഖകളിൽ പ്രവർത്തിച്ച മിക്കിസ് തിയോദൊറാക്കിസ് രാജ്യത്തിന്റെ സംഗീതമേഖലയ്ക്ക് നൽകിയ സംഭാവന വിലപ്പെട്ടതാണ്.

ദീർഘകാലം ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം 1981 മുതൽ 1993 വരെ പാർലമെന്റംഗമായിരുന്നു. 'ഗ്രീസിന്റെ ആത്മാവിൽ നിന്ന് ഒരു ഭാഗം അടർന്നു പോയിരിക്കുന്നു' എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ലിനോ മെൻഡോണി മഹാനായ കലാകാരന്റെ മരണത്തിൽ പ്രതികരിച്ചു. തിയോദൊറാക്കിസിനോടുള്ള ആദരസൂചകമായി ഔദ്യോഗികപതാക താഴ്ത്തിക്കെട്ടുകയും ഒരു മിനിറ്റ് നേരം മൗനമാചരിക്കുകയും ചെയ്തു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 'അദ്ദേഹം നിശബ്ദനാക്കപ്പെട്ടു, ഒപ്പം യവനസംസ്കാരവും', പ്രധാനമന്ത്രി കൈറിയോക്കോസ് മിത്സോതാക്കിസ് പറഞ്ഞു.

1925 ജൂലായ് 29 ന് ജനിച്ച തിയോദൊറാക്കിസിന്റെ യഥാർഥ നാമം മൈക്കേൽ തിയോദൊറാക്കിസ് എന്നാണ്. കൗമാരക്കാലത്ത് തന്നെ സംഗീതത്തിലും കവിതയെഴുത്തിലും അദ്ദേഹം പ്രാവീണ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗ്രീസിന്റെ ആധിപത്യം പിടിച്ചെടുത്ത ജർമനിയ്ക്കും ഇറ്റലിയ്ക്കും എതിരെ ഉയർന്ന ആഭ്യന്തരകലാപത്തിൽ പതിനേഴുകാരനായ തിയോദൊറോക്കിസും പങ്കു ചേർന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഇടതുപക്ഷ പ്രവർത്തകരിൽ ഉൾപ്പെട്ട അദ്ദേഹം ജയിൽകാലത്ത് അനുഭവിച്ച ശാരീരിക പീഡനങ്ങൾ തിയോദൊറോക്കിസിനെ നിത്യരോഗിയാക്കി.

Related News