താലിബാൻ സർക്കാരിനെ ഉടൻ അംഗീകരിക്കില്ല: കേന്ദ്രസർക്കാർ

  • 04/09/2021


ന്യൂഡെൽഹി: താലിബാൻ സർക്കാരിനെ ഉടൻ അംഗീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. താലിബാനുമായി ഇന്ത്യ ചർച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. സർക്കാരിനെ തല്ക്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നതതലത്തിലെ ധാരണ. പ്രധാനമന്ത്രി നേരിട്ട് മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദന സന്ദേശം നല്‍കുന്നതോ ഒഴിവാക്കും. താലിബാൻ സർക്കാരിന്‍റെ നിലപാട് എന്താവും എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. 

ഭീകരവാദത്തിനെതിരെ അഫ്ഗാനിലെ പുതിയ സർക്കാർ എന്തു നിലപാട് എടുക്കും എന്നതും അറിയേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പങ്കാളിയാണെന്ന സൂചന പാകിസ്ഥാൻ നല്‍കിക്കഴിഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥർ കാബൂളിലുണ്ടെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്‍റെ പുതിയ സൈന്യത്തെ പരിശീലിപ്പിക്കുമെന്ന് പാകിസ്ഥാൻ സൈന്യവും പറയുന്നു.

താലിബാന് പിന്നിൽ ഒരു സമയത്ത് പാകിസ്ഥാനായിരുന്നു എന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശ്രിംഗ്ള ന്യൂയോർക്കിൽ പറഞ്ഞു. പാക് കേന്ദ്രീകൃത ഭീകരസംഘടനകളോടുള്ള പുതിയ സർക്കാരിന്‍റെ നിലപാട് നിരീക്ഷിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കാനുള്ള കരുതലോടെയാവും ഇന്ത്യയുടെ അടുത്ത നീക്കങ്ങൾ. 

Related News