2020 ദുബായ് എക്സ്പോയിൽ ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ പ്രതിഫലിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്.

  • 06/09/2021

കുവൈത്ത് സിറ്റി : ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ശാസ്ത്രമുന്നേറ്റങ്ങളും അതോടൊപ്പം തന്നെ  ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പും 2020 ദുബായ് എക്സ്പോയിൽ പ്രതിഫലിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്. ഇന്ത്യൻ എംബസ്സിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് എക്സ്പോയിലെ  ഇന്ത്യൻ  പവലിയനെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. സ്വദേശികളോടും ഇന്ത്യൻ സമൂഹത്തിനോടും ഇന്ത്യൻ പവലിയൻ സന്ദർശിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഇവന്റായ ‘എക്സ്പോ 2020 ദുബായ്’ ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുക. ആറ് മാസം നീണ്ട് നിൽക്കുന്ന ഇവന്റ് 2022 മാർച്ച് 31 വരെയാണ് ഉള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക സ്മരണയാണ് ഇത്തവണത്തെ ആശയം.സ്വയം ചലിക്കുന്ന 600 വർണ്ണ ബ്ലോക്കുകൾ കൊണ്ട് തീർത്ത പവലിയൻ കവാടം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഇന്ത്യ മുന്നോട്ട്’ എന്ന ആശയമാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. നാല് നിലകളിലായി ഒരുക്കിയിട്ടുള്ള പവലിയന് രണ്ട് ഭാഗങ്ങളാനുള്ളത്. കാലാവസ്ഥ-ജൈവവൈവിധ്യം, ബഹിരാകാശം, നഗര-ഗ്രാമ വികസനം,ജലവും ജീവിതവും, സഹിഷ്ണുതയും ഉൾകൊള്ളലും, വിഞാനവും പഠനവും, യാത്രകളും ബന്ധങ്ങളും, കൃഷിയും ഭക്ഷണ ശീലങ്ങളും, ആരോഗ്യവും സമാധാനവും അന്താരാഷ്ട്ര നേട്ടങ്ങൾ, സുവർണ്ണ ജൂബിലി എന്നീ 11 വിഷയങ്ങളെ ആസ്പദമാക്കിയാവും പ്രദർശനം ഒരുക്കുന്നത്.

എക്സ്പോയിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുമായി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനായി നേതൃത്വ ചർച്ചകൾ, അന്താരാഷ്ട്ര വ്യാപാര കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സ്റ്റാർ നെറ്റും കലാപരിപാടികളും കാണികൾക്കായി എക്സ്പോ ഒരുക്കുന്നു.മുക്കാല്‍ നൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യന്‍ പവലിയന്‍. നൂതന സാങ്കേതിക വിദ്യകള്‍ക്കും ബിസിനസ് സാധ്യതകള്‍ക്കും പവലിയന്‍ അവസരമൊരുക്കും. 

Related News