രാജ്യത്തെ ട്രിബ്യൂണലുകളെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി

  • 06/09/2021



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്നും വിധികളെ ബഹുമാനിക്കുന്നില്ലെന്നും സുപ്രീം കോടതി. രാജ്യത്തെ ട്രിബ്യുണലുകളെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോടതി ആരോപിച്ചു. ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നികത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട എന്‍സിഎല്‍ടി, എന്‍സിഎല്‍എടിയില്‍ പോലും പല ഒഴിവുകളും നികത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ജഡ്ജിമാര്‍ നേതൃത്വം നല്‍കുന്ന സമിതികളുടെ നിയമന ശുപാര്‍ശകളില്‍ പോലും സര്‍ക്കാര്‍ തീരുമാനം എടുക്കുന്നില്ല. ഐ ബി യുടെ ക്ളിയറന്‍സ് ലഭിച്ച വ്യക്തികളെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ സമിതികള്‍ ശുപാര്‍ശ ചെയ്തത്. കോടതി ജഡ്ജിമാരെ പോലും സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലേ എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആരാഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Related News