ഡോക്ടർമാരുടെ കൂട്ട രാജി; വ്യാജ വാര്‍ത്തയെന്ന് കുവൈത്ത് ആരോഗ്യ വകുപ്പ്

  • 07/09/2021

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ഡോക്ടർമാരുടെ കൂട്ട രാജിയുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് തന്നെ  അഭിമാനകരമായ  രീതിയിലാണ്  ആരോഗ്യ ജീവനക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ഡോക്ടർമാരുടെ കഠിനാധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്ന് അധികൃതര്‍ പറഞ്ഞു. മഹാമാരി കാലത്ത് ഡോക്ടർമാർ നൽകിയ സേവനങ്ങൾക്കും ത്യാഗങ്ങൾക്കും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

രാജ്യത്ത് കോവിഡ്  രോഗികൾക്കായി ഉപയോഗിക്കുന്ന ചികിത്സാ പ്രോട്ടോക്കോളുകൾ  ഏറ്റവും പുതിയതും അംഗീകൃതവും സുരക്ഷിതവുമായ ആഗോള പ്രാദേശിക പ്രോട്ടോക്കോളുകൾ അനുസരിച്ചാണെന്നും ഞങ്ങളുടെ വിശ്വസ്തരായ ജീവനക്കാരെ സംബന്ധിച്ച തെറ്റായ വാര്‍ത്തകളെ ശക്തമായി തള്ളിക്കളയുന്നതായും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രച്ചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം അറിയിച്ചു. 

Related News