ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

  • 08/09/2021


ന്യുയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന്‍ അവരുടെ രാജ്യത്തും അതിര്‍ത്തികളിലുടനീളവും 'അക്രമസംസ്‌കാരം' വളര്‍ത്തുന്നത് തുടരുകയാണെന്ന് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. കശ്മീര്‍ വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള പാക് പ്രതിനിധി മുനീര്‍ അക്രത്തിന്റെ ഇന്ത്യക്കെതിരായ പ്രസംഗത്തിനുള്ള മറുപടിയായാണ് ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയുടെ പ്രതികരണം. 

സമാധാനത്തിന്റെ സംസ്‌കാരം എന്നത് കേവലം സമ്മേളനങ്ങളിൽ ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമുള്ളതല്ലെന്നും മറിച്ച് അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഗോള ബന്ധങ്ങളില്‍ സജീവമായി വളര്‍ത്തിയെടുക്കേണ്ട ഒന്നുകൂടിയാണെന്നും വിദിഷ മൈത്ര പറഞ്ഞു. ചൊവ്വാഴ്ച നടന്ന യുഎന്‍ പൊതുസഭയുടെ സമാധാന സംസ്‌കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'സ്വന്തം രാജ്യത്തും അതിര്‍ത്തിയിലും 'അക്രമസംസ്‌കാരം' വളര്‍ത്തുന്നത് തുടര്‍ന്നുകൊണ്ട് ഇന്ത്യയ്ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യുഎന്‍ വേദി മുതലെടുക്കാനുള്ള പാകിസ്താന്‍ പ്രതിനിധി സംഘത്തിന്റെ മറ്റൊരു ശ്രമത്തിന് കൂടി ഞങ്ങള്‍ ഇന്ന് സാക്ഷ്യം വഹിച്ചു. അത്തരം എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നു,' വിദിഷ മൈത്ര പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്‍ പ്രതിനിധി മുനീര്‍ അക്രം ജമ്മു കശ്മീര്‍ വിഷയം ഉന്നയിക്കുകയും കശ്മീരിലെ അന്തരിച്ച പാകിസ്താൻ അനുകൂല നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിനുശേഷമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

Related News