സിഐഎ തലവന്‍ വില്യം ബേണ്‍സ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി

  • 08/09/2021


ന്യുഡല്‍ഹി: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവൻ വില്യം ബേണ്‍സുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ആഗോളഭീകര പട്ടികയിലുള്‍പ്പെട്ട മുല്ല ഹസന്‍ അകുന്ദിനെ താലിബാൻ അഫ്ഗാൻ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാനിരിക്കെയാണ് ഡോവൽ-ബേൺസ്  കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. 

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അജ്ഞാതമാണെങ്കിലും അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് തന്നെയാവും ചര്‍ച്ചകളിൽ മുൻഗണനയെന്നാണ് സൂചന.

ഡോവലുമായുള്ള സിഐഎ മേധാവിയുടെ കൂടിക്കാഴ്ചയില്‍ അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ചും കശ്മീര്‍ വിഷയത്തിലുമുള്ള ഇന്ത്യയുടെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടാകാമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരസംഘടനകളെ തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ താലിബാന്‍ അനുവദിക്കില്ലൊണ് പ്രതീക്ഷയെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

റഷ്യന്‍ സുരക്ഷാകൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവുമായും അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഡല്‍ഹിയില്‍വെച്ചാണ് കൂടിക്കാഴ്ച. ചൈന, പാകിസ്താൻ, അഫ്ഗാനിസ്താൻ  എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Related News