തടവുകാര്‍ക്ക് ജയില്‍വാസം ആവശ്യമില്ല; കുവൈത്തില്‍ ശിക്ഷകാലയളവ് വീട്ടില്‍ നിന്നും അനുഭവിക്കാം.

  • 08/09/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കുറ്റകൃത്യം നടത്തിയ പ്രതികള്‍ക്ക് ശിക്ഷകാലയളവ് വീട്ടില്‍ നിന്നും അനുഭവിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇത് സംബന്ധമായ നിര്‍ദ്ദേശം നടപ്പിലാക്കുമെന്ന്  ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മഅറാഫി അറിയിച്ചു. മൂന്ന് വർഷത്തിൽ താഴെ തടവും ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക.പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും  പ്രതിയുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം  വഴി തടവുകാരന്‍റെ  മുഴുവൻ ചലനങ്ങളും നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തെ ജയില്‍  നിയമങ്ങള്‍  പാലിച്ച് കൊണ്ട്  വീടുനുള്ളില്‍ അധികാരികള്‍ നിര്‍ണ്ണയിച്ച  അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രമേ തടവുകാരന് പ്രവേശിക്കുവാന്‍ അനുവാദമുണ്ടാകയുള്ളൂ. പരിമിതമായ രീതിയില്‍  ഫോണുകള്‍  ഉപയോഗിക്കുമെന്നും  അസുഖം വന്നാല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും അനുമതി ലഭിക്കുന്ന മുറക്ക് ആശുപത്രിയില്‍ പോകാമെന്നും അധികൃതര്‍ അറിയിച്ചു.  തടവുകാരന്‍ താമസിക്കുന്ന വീട്ടില്‍ സിഗ്നല്‍ തടസ്സപ്പെടുത്തുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.  ശരീരത്തില്‍ ഘടിപ്പിച്ച ബ്രേസ്ലെറ്റ് നീക്കം ചെയ്യുകയോ കേടുവരുത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജയിലിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ശൈഖ് തമർ അൽ അലിയുടെ നിർദ്ദേശപ്രകാരം തടവുകാർക്ക് മാനുഷിക സേവനങ്ങൾ നൽകാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന്  തലാൽ മഅറാഫി അറിയിച്ചു. 

Related News