ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി വിമാനക്കമ്പനികൾ: ചൂഷണത്തിന് ഇരയായി ഗൾഫ് മലയാളികൾ

  • 09/09/2021


നെടുമ്പാശ്ശേരി/കോഴിക്കോട്: ആവശ്യം മുതലാക്കി ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി വിമാനക്കമ്പനികൾ ഗൾഫ് മലയാളികളെ ചൂഷണംചെയ്യുന്നു. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾ എങ്ങനെയും ഗൾഫിലേക്കു മടങ്ങാൻ നെട്ടോട്ടത്തിലാണ്. ഈ അവസരം മുതലാക്കിയാണ് ചൂഷണംചെയ്യുന്നത്.

യു.എ.ഇ.യിലേക്ക് നേരത്തേ സർവീസുകൾ പുനരാരംഭിച്ചതിനാൽ അവിടേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ ഗണ്യമായി കുറഞ്ഞു. എന്നാൽ, കുവൈത്തിലേക്ക് അടുത്തിടെയാണ് സർവീസ് പുനരാരംഭിച്ചത്. ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. പലദിവസങ്ങളിലും ഒരുലക്ഷത്തിലധികമാണ് കൊച്ചി-കുവൈത്ത് നിരക്ക്.

ജസീറ എയർലൈൻസ്, കുവൈത്ത് എയർവേസ്, ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികൾ കൊച്ചി-കുവൈത്ത് സർവീസ് നടത്തുന്നുണ്ട്. ജസീറ എയർലൈൻസിൽ ചില ദിവസങ്ങളിൽ 97,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എയർഇന്ത്യ എക്സ്പ്രസിൽ 61,000 രൂപ കാണിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് മൊത്തം വിറ്റുപോയതായി പറയുന്നു.

അടുത്ത രണ്ടാഴ്ചത്തേക്കു ടിക്കറ്റ് ബുക്കിങ് പൂർണമായതായി ട്രാവൽ ഏജൻസികൾ പറയുന്നു. എത്ര രൂപ കൊടുക്കാൻ തയ്യാറാണെങ്കിലും ടിക്കറ്റ് കിട്ടുന്നില്ലെന്ന് അൽഹിന്ദ് ട്രാവൽസ് എക്സിക്യുട്ടീവ് ഡയറക്ടർ എം.പി.എം. മുബാഷിർ പറഞ്ഞു.

മറ്റു വിമാനക്കമ്പനികളിൽ ലക്ഷത്തിലധികമാണ് ടിക്കറ്റ് നിരക്ക്. യു.എ.ഇ.യിലേക്കുള്ള ടിക്കറ്റ് നിരക്ക് 10,000-15,000 രൂപയായി കുറഞ്ഞു. എങ്കിലും പഴയ നിരക്കിലേക്കു താഴ്ന്നിട്ടില്ല. മസ്കറ്റിലേക്ക് 50,000-60,000 രൂപയും ബഹ്റൈനിലേക്ക് 20,000-30,000 രൂപയും ദോഹയിലേക്ക് 15,000-20,000 രൂപയും ദമാമിലേക്ക് 30,000-42,000 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഈ മാസം അവസാനവാരത്തോടെ നിരക്ക് കുറയുമെന്നാണു പ്രതീക്ഷ.

കുവൈത്തിലേക്ക് ദുബായി വഴിയും ഷാർജ വഴിയുമുള്ള കണക്ഷൻ വിമാന സർവീസുകളുണ്ടെങ്കിലും കോഴിക്കോടുനിന്ന് ഫ്ളൈ ദുബായ് വിമാനത്തിന് ഈമാസം 27-നുമാത്രമേ ബുക്കിങ് ഉള്ളൂ. അതിന് 68,892 രൂപയാണ് നിരക്ക്. കണ്ണൂരിൽനിന്നു നിലവിൽ കുവൈത്തിലേക്ക് വിമാന സർവീസില്ല. നേരത്തേ പതിനായിരംമുതൽ മുപ്പതിനായിരംവരെ രൂപയേ ടിക്കറ്റ് നിരക്ക് വന്നിരുന്നുള്ളൂ.

Related News