ഇന്ത്യയിൽ ഇതുവരെ നൽകിയത് 72.37 കോടി വാക്സിൻ: 66 കോടി വാക്‌സിനുകൂടി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

  • 10/09/2021



ന്യൂഡെൽഹി: രാജ്യത്ത് കൊറോണയ്ക്കേതിരായ പോരാട്ടം തുടരുന്നതിനിടയിൽ ഡിസംബറോടെ 66 കോടി ഡോസ് വാക്സിൻകൂടി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓർഡർ നൽകി. സെപ്റ്റംബറിൽ 22.29 കോടി ഡോസ് കോവിഷീൽഡ് നൽകാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

നേരത്തെ, ഒരു മാസം 20 കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ ശേഷി വർധിപ്പിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 37.50 കോടി ഡോസ് കോവിഷീൽഡിനായി കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ട്. ഈ ഓഡർ പ്രകാരമുള്ള വിതരണം സെപ്റ്റംബർ പകുതിയോടെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പൂർത്തിയാക്കുമെന്നാണ് വിവരം.

ഇതിനിടെ രാജ്യത്ത് ഇതുവരെയായി 72.37 കോടി (72,37,84,586) വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67 ലക്ഷത്തിലധികം (67,58,491) ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്. 60 വയസിന് മുകളിലുള്ളവർക്ക് 9,19,04,711 ആദ്യ ഡോസ് വാക്സിനും 4,84,63,875 രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. 45 - 59 പ്രായപരിധിയിലുള്ളവർക്ക് 14,12,24,670 ആദ്യ ഡോസ് വാക്സിനും 6,11,18,659 രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.

ജനുവരി 16-നാണ് രാജ്യത്ത് പ്രതിരോധകുത്തിവെപ്പ് ആരംഭിച്ചത്. തുടക്കത്തിൽ വാക്സിൻ ലഭ്യത കുറവായിരുന്നു. കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ മാത്രമാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് റഷ്യൻ വാക്സിൻ സ്പുട്നിക് വി എത്തി. മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ, സൈകോവ്ഡി എന്നീ വാക്സിനുകൾക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. എന്നാലിവ വിപണിയിൽ ലഭ്യമായിട്ടില്ല.

ജനുവരി 16-നുശേഷം 85 ദിവസംകൊണ്ടാണ് 10 കോടി പേർക്ക് വാക്സിൻ നൽകിയത്. 20 കോടി കടക്കാൻ പിന്നീട് 45 ദിവസം വേണ്ടിവന്നു. ഓരോ പത്തുകോടി കടക്കാനുള്ള ദിവസങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവന്നു. 60 കോടിയിൽനിന്ന് 13 ദിവസംകൊണ്ടാണ് 70 കോടി പിന്നിട്ടത്.

Related News