രണ്ട് ആഴ്ചക്കുള്ളില്‍ പൂര്‍ണശേഷിയില്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയേക്കും

  • 11/09/2021

കുവൈത്ത് സിറ്റി: രണ്ട് ആഴ്ചക്കുള്ളില്‍ പൂര്‍ണശേഷിയില്‍ കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ഉന്നത കമ്മിറ്റി അടുത്ത ദിവസം തന്നെ ആരോഗ്യ മന്ത്രാലയവുമായി യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ യോഗത്തില്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ആരോഗ്യ അധികൃതരുടെ അഭിപ്രായം പരിഗണിച്ച ശേഷം ആകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. വിമാനത്താവളം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണോ അല്ലെങ്കില്‍ പ്രാദേശികമായും ആഗോളമായും ഉള്ള കൊവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ കാത്തിക്കണോ എന്ന് മന്ത്രാലയം തീരുമാനമെടുക്കും. 

രാജ്യത്തെ കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ സാധാരണ ജീവിതത്തിലേക്ക് കുവൈത്ത് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. 99.02 ശതമാനത്തിലേക്ക് രോഗമുക്തി നിരക്ക് എത്തിയിരുന്നു. രോഗമുക്തി നിരക്കിന്‍റെ കാര്യത്തില്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്ത് രണ്ടാം സ്ഥാനത്താണ്.

Related News