കുവൈത്തിൽ NEET പരീക്ഷ നടത്തി ചരിത്രം കുറിച്ച് ഇന്ത്യൻ എംബസ്സി.

  • 13/09/2021

കുവൈത്ത് സിറ്റി: ഇന്ത്യക്ക് പുറത്ത് NEET പരീക്ഷ നടത്തപ്പെടുന്ന ആദ്യ രാജ്യമായി കുവൈത്ത്. കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പരീക്ഷ നടത്തിയത്. ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ നടത്തിയ പരീക്ഷയില്‍ 300 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 

ഒരു കുറവുമില്ലാതെ നീറ്റ് പരീക്ഷ നടത്തിയ ദിനം ചരിത്രമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. മഹാമാരി കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി വലഞ്ഞിരുന്ന ഒരുപാട് കുടുംബങ്ങള്‍ക്ക് പരീക്ഷ സെന്‍റര്‍ കുവൈത്തില്‍ ലഭിച്ചത് ആശ്വാസകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായി ഗൾഫിലെ  ഇന്ത്യൻ കുട്ടികൾക്ക് സൗകര്യപ്രദമാകും വിധം കുവൈത്തിൽ കേന്ദ്രം അനുവദിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനോടും സര്‍ക്കാരിനോടും  അംബാസഡർ നന്ദി പറഞ്ഞു. ഈ വർഷം  ജെഇഇ, നാറ്റ പരീക്ഷകളും കുവൈത്തില്‍ ആദ്യമായി നടന്നിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിൽ നിന്നും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ ശക്തമായ ഇടപെടലുകളാണ് ഫലം കണ്ടത്. 

ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് നീറ്റ്  പരീക്ഷ കേന്ദ്രം അനുവദിക്കപ്പെടുന്നത് , അതിൽ ആദ്യം അനുമതി കിട്ടിയ ഗൾഫ് രാജ്യവും കുവൈത്താണ് . പരീക്ഷാ നടത്തിപ്പിനായി ഇന്ത്യൻ എംബസിയിൽ വിപുലമായ ഒരുക്കങ്ങളാണു സജ്ജീകരിച്ചത്‌, ആദ്യമായാണ് എംബസ്സിയിൽ ഇത്തരം ഒരു പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതാനായി എംബസിയിലേക്ക്  വരുന്ന കുട്ടികൾക്കായി പ്രത്യേക വാഹന സൗകര്യവും എംബസ്സി ഒരുക്കിയിരുന്നു. 

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിച്ച് കൊണ്ടാണ് എംബസി പരീക്ഷ നടത്തിയത്. ഇന്ത്യന്‍ സ്കൂള്‍ അധികൃതർ  പരീക്ഷ നടത്തിപ്പില്‍ എംബസിക്ക് സഹായങ്ങള്‍ നല്‍കി.

WhatsApp-Image-2021-09-12-at-6.19.33-PM.jpg

Related News