കുവൈത്ത് മന്ത്രിസഭ യോഗം ചേര്‍ന്നു; വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല

  • 13/09/2021

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം  മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ മന്ത്രിസഭയുടെ പ്രതിവാര യോഗം കഴിഞ്ഞ ദിവസമാണ്  സീഫ് പാലസിൽ  നടന്നത് . പ്രതിദിന കോവിഡ് രോഗികളുടെ നിരക്കിലും മരണ സംഖ്യയിലും വലിയ കുറവ് കൈവരിക്കാന്‍ സാധിച്ചതായും രാജ്യത്തെ  ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആരോഗ്യ മന്ത്രി  മന്ത്രിസഭ യോഗത്തില്‍ അറിയിച്ചു. രോഗം തടയുന്നതിലും പ്രതിരോധ കുത്തിവെപ്പ് അതിവേഗം പൂര്‍ത്തിയാക്കുന്നതിനുമുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നും രാജ്യം പതുക്കെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണെന്നും ബാസ്സൽ ഹുമൂദ് അൽ സബാഹ് പറഞ്ഞു.99.09 ശതമാനം ആളുകള്‍ക്കും കൊറോണ മുക്തിയായതായും   മേഖലയിലെ തന്നെ ഏറ്റവും മികച്ച രോഗമുക്തി നിരക്കാണ് ഇതെന്നും മന്ത്രി പറഞ്ഞു. ലെബനൻ പ്രസിഡന്റ് മിഷേൽ ഔണിൽ നിന്നും അമീറിന് കത്ത് ലഭിച്ചതായും ലെബനന്‍ നല്‍കുന്ന സ്ഥിരമായ പിന്തുണയ്ക്ക്  രാജ്യം നന്ദി പറയുന്നതായും മന്ത്രിസഭ യോഗം അറിയിച്ചു. 

രാജ്യാന്തര തലത്തിലും അറബ് മേഖലയിലേയിലേയും   പുതിയ സംഭവവികാസങ്ങളും പ്രശ്നങ്ങളും കാബിനറ്റ്‌ മീറ്റിംഗില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം കുവൈത്തിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗ തീരുമാനങ്ങളും മന്ത്രിസഭ യോഗത്തെ അറിയിച്ചു.  കാബൂളിൽ നിന്ന് യുഎസ് സൈന്യം നടത്തിയ ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ കുവൈത്ത് നല്‍കിയ സേവനങ്ങള്‍ക്ക് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റ് നന്ദി പ്രകടിപ്പിച്ചതായി മന്ത്രിസഭ അറിയിച്ചു.ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറക്കുന്നതിന്  ആവശ്യമായ നടപടികള്‍ സ്വീകരിക്കും.അന്താരാഷ്ട്ര കരാറുകള്‍ നടപ്പിലാക്കുവാന്‍ കുവൈത്ത് എന്നും മുന്‍പന്തിയിലാണെന്നും  പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളും തടയുമെന്നും മന്ത്രിസഭ അറിയിച്ചു.  

സൗദി നഗരമായ ഖമീസ് മുഷൈത്തിനെതിരേ ഹൂതി സായുധസേന നടത്തിയ ഡ്രോൺ ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു.അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരായ ആക്രമണമാണ് ഹൂതികൾ നടത്തിയതെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും മന്ത്രിസഭ കൂട്ടിച്ചേർത്തു. 

Related News