സാമൂഹികമാധ്യമങ്ങളിലെ കോവിഡ് വ്യാജപ്രചാരണം: ഇന്ത്യ മുന്നില്‍

  • 16/09/2021



ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലൂടെ കോവിഡ് വ്യാജപ്രചാരണം നടത്തിയ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 138 രാജ്യങ്ങളിലെ 9657 തെറ്റായ വിവരങ്ങളാണ് വിശകലനം ചെയ്തത്.

94 സംഘടനകള്‍ ചേര്‍ന്നാണ് വിവരങ്ങള്‍ പരിശോധിച്ചത്. ഇന്ത്യയില്‍ 18.07 ശതമാനം തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുെവച്ചു. രാജ്യത്ത് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൂടുതലാണെന്നതാണ് നിരക്കുകൂടാന്‍ കാരണം. ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന ധാരണക്കുറവും തെറ്റായ വിവരങ്ങള്‍ പങ്കുെവക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യക്കുപിന്നില്‍ യു.എസ് (9.74 ശതമാനം), ബ്രസീല്‍ (8.57 ശതമാനം), സ്‌പെയിന്‍ (8.03 ശതമാനം) എന്നീ രാജ്യങ്ങളാണുള്ളത്. തെറ്റായ വിവരങ്ങള്‍ പങ്കുെവച്ച സാമൂഹികമാധ്യമങ്ങളില്‍ ഒന്നാമത് ഫെയ്‌സ്ബുക്കാണ്-66.87 ശതമാനം.

നേരത്തേ, ലോകാരോഗ്യസംഘടനയും കോവിഡ് വ്യാജപ്രചാരണത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News