കോവിഡിന് ഇടയിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; കേസുകള്‍ ഇരട്ടിച്ചതായി കണക്കുകള്‍

  • 17/09/2021


ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് വർഗീയ ലഹളകൾ വർധിച്ചതായി കണക്കുകള്‍. 2019നേക്കാൾ 2020ൽ മത സാമുദായിക വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും 2020ൽ 857 വർഗീയ സംഘര്‍ഷ  കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് എൻസിആർബി പറയുന്നത്. 2019ൽ 438 വർഗീയ സംഘര്‍ഷ കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് 2020 ആവുമ്പോഴേക്കും ഇരട്ടിച്ചു. 2018ൽ 512 കേസുകളായിരുന്നു.

കോവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് 2020 മാർച്ച് മുതൽ 2020 മേയ് 30 വരെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് പൊതുയിടത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ എൻആർസി, ഡൽഹിയിലെ വർഗീയ ലഹള ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് നടന്നിരുന്നു. 

2020ൽ 736 കേസുകളാണ് ജാതിയുമായി ബന്ധപ്പെട്ട് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിൽ 2019ൽ 492 കേസുകൾ, 2018ൽ 656 കേസുകൾ. വർഗീയപരമായുള്ള 167 കേസുകളും 2020ൽ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019ൽ 118 കേസുകൾ, 2018ൽ ഇത് 209 ആയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2020ൽ 71,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019ൽ ഇത് 63,262 ആയിരുന്നു. 2020ലെത്തുമ്പോഴേക്കും 12.4 ശതമാനമാണ് കേസുകളിലുള്ള വളർച്ച.

ഇതിൽ 2188 കേസുകൾ വളരെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെ പേരിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related News