ഇന്ത്യയിൽ കൊറോണ കേസുകളിൽ വീണ്ടും വർധന

  • 17/09/2021


ന്യൂ ഡെൽഹി: ഇന്ത്യയിൽ കൊറോണ കേസുകളിൽ വീണ്ടും വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുതിയതായി 34,403 കൊറോണ കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തെക്കാൾ 12.5 ശതമാനം കൂടുതല്‍ രോഗികളാണുള്ളത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,33,81,728 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇന്നലെ 15,79,761 പരിശോധന നടത്തിയിരിക്കുന്നത്. 54.77 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 320 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,44,248 ആയി ഉയര്‍ന്നു. 320 കൊറോണ മരണങ്ങളില്‍ 178 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആകെ മരണം 23,165 ആയി. രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,950 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. ഇതോടെ 3,25,98,424 പേര്‍ ഇതുവരെ കൊറോണ മുക്തരായി. വിവിധ സംസ്ഥാനങ്ങളിലായി 3,39,056 സജീവ കേസുകളാണ് നിലവിലുള്ളത്.

കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,97,972 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 77,24,25,744 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Related News