കര്‍ഷക പ്രതിഷേധം: അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദലും ഹര്‍സിമ്രത് കൗറും പോലീസ് കസ്റ്റഡിയില്‍

  • 17/09/2021



ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ അനുമതിയില്ലാതെ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍, ലോക്‌സഭാ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവർ ഉള്‍പ്പെടെ 11 അകാലിദള്‍ പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ഒരു വര്‍ഷം തികഞ്ഞതിന്റെ ഭാഗമായി അകാലിദള്‍ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ബ്ലാക്ക് ഫ്രൈഡേ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്‌. 

ഡല്‍ഹിയിലെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിനാണ് പോലീസ് നടപടി. കസ്റ്റഡിയിലുള്ള അകാലിദള്‍ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ഡല്‍ഹിയിലെ സന്‍സദ് മാര്‍ഗ് പോലീസ് സ്‌റ്റേഷനിലാണുള്ളത്. പ്രതിഷേധ മാര്‍ച്ചിന് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. അതേസമയം സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് തടഞ്ഞ ഡല്‍ഹി പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ അപലപിച്ചു.

'കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാനാണ് ഞങ്ങളിവിടെ എത്തിയത്. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. രാജ്യതലസ്ഥാനത്തേക്കുള്ള അതിര്‍ത്തികളെല്ലാം പോലീസ് അടച്ചു. പ്രവര്‍ത്തകരെ തല്ലിയോടിച്ചു. ഗുരുദ്വാരയില്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരും പ്രതിഷേധം തടഞ്ഞു. സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് തടഞ്ഞ പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണ് - ബാദല്‍ പ്രതികരിച്ചു. 

വെള്ളിയാഴ്ച കാലത്ത് മുതല്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് അകാലിദള്‍ പ്രവര്‍ത്തകരും കര്‍ഷകരും സംഘടിച്ചെത്തിയിരുന്നു. പ്രതിഷേധക്കാരെ തടയാനായി അതിര്‍ത്തികളും നഗരത്തിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളുമെല്ലാം പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരുന്നു. രണ്ട് മെട്രോ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനവും താത്കാലിമായി നിര്‍ത്തിവെച്ചിരുന്നു. പ്രതിഷേധക്കാര്‍ അതിര്‍ത്തികളിലേക്ക് ഒഴുകിയെത്തിയതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വലിയ ഗതാഗത തടസവുമുണ്ടായി.

Related News