പെട്രോളിനും ഡീസലിനും ജിഎസ്ടി പരിധി വേണ്ട; ഒറ്റക്കെട്ടായി എതിര്‍ത്ത് സംസ്ഥാനങ്ങൾ

  • 17/09/2021


ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നികുതി ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നത് ഒറ്റക്കെട്ടായി എതിർത്ത് സംസ്ഥാനങ്ങൾ. ലഖ്നൗവിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം പരിഗണിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നും കേരളം ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാനങ്ങളും നിലപാടെടുത്തു.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങൾ ഒറ്റകെട്ടായി ആവശ്യപ്പെട്ടതോടെ വിഷയം പിന്നീട് പരിഗണിക്കാനായി കൗൺസിൽ മാറ്റിവെച്ചു. നേരത്തെ കേരള ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച വിഷയം പരിഗണിക്കണമെന്ന് കൗൺസിലിനോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി നിർദേശപ്രകാരം ഇന്നു ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം പരിഗണിച്ചെന്ന് വരുത്തിതീർക്കുക മാത്രമാണ് ചെയ്തത്.

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനെതിരേ നേരത്തെ കേരളമാണ് പരസ്യമായി രംഗത്തുവന്നത്. എന്നാൽ കൗൺസിൽ യോഗത്തിൽ മറ്റു സംസ്ഥാനങ്ങളും സമാനമായ നിലപാടെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ നീക്കത്തെ എതിർത്തു.

നികുതിവരുമാനം നഷ്ടപ്പെടുമെന്നതാണ് സംസ്ഥാനങ്ങളുടെ പ്രധാന ആശങ്ക. കേന്ദ്രസർക്കാരിനും ഇതേ ആശങ്കയുണ്ട്. വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചതോടെ പെട്രോളും ഡീസലും ഉടൻ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള സാധ്യതകൾ മങ്ങി.

Related News