ഓണ്‍ലൈന്‍ പ്രചാരണത്തിലൂടെ ഇന്ത്യയില്‍ സ്വാധീനം വ്യാപിപ്പിക്കാന്‍ ഐ.എസ്. ശ്രമിക്കുന്നു- എന്‍.ഐ.എ.

  • 18/09/2021



ന്യൂഡല്‍ഹി: നിരന്തരമായ ഓണ്‍ലൈന്‍ പ്രചാരണങ്ങളിലൂടെ ഇന്ത്യയില്‍ സ്വാധീനം വ്യാപിപ്പിക്കാന്‍ ഐ.എസ്. ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). ഐ.സുമായി ബന്ധപ്പെട്ട 37 ഭീകരാക്രമണ കേസുകള്‍ ഇതിനകം എന്‍.ഐ.എ. അന്വേഷിച്ചിട്ടുണ്ടെന്നും ഏറ്റവും ഒടുവിലത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് 2021 ജൂണിലാണെന്നും അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി.

രജിസ്റ്റർ ചെയ്ത 37 കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 31 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 27 പ്രതികളെ വിചാരണയ്ക്ക് ശേഷം ശിക്ഷിച്ചതായും എന്‍.ഐ.എ. പറഞ്ഞു. 

നിരന്തര ഓണ്‍ലൈന്‍ പ്രചാരണങ്ങളിലൂടെ ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം വ്യാപിക്കാന്‍ ഐ.എസ്. ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായാണ് എന്‍.ഐ.എ. പറയുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ എളുപ്പം കബളിപ്പിക്കാവുന്ന യുവാക്കളെയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നതെന്നും എന്‍.ഐ.എ. കൂട്ടിച്ചേര്‍ത്തു. 

യുവാക്കള്‍ ഐ.എസിന്റെ ആശയങ്ങളോട് ഒരിക്കല്‍ അനുഭാവം കാണിക്കുന്നപക്ഷം, ഓണ്‍ലൈന്‍ ഹാന്‍ഡ്‌ലര്‍മാരുമായി ആശയവിനിമയം നടത്താന്‍ പ്രലോഭിപ്പിക്കും. വിദേശത്തിരുന്ന് എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ ഹാന്‍ഡ്‌ലര്‍മാര്‍. 

എത്രത്തോളം വശംവദരാക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ഹാന്‍ഡ്‌ലര്‍മാര്‍ ഡിജിറ്റല്‍ കണ്ടന്റ് അപ്‌ലോഡ് ചെയ്യല്‍, ഐ.എസ്. പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തല്‍, അത്യുഗ്ര ശഷിയുള്ള സ്ഫോടകവസ്തുക്കള്‍ (ഐ.ഇ.ഡി.) തയ്യാറാക്കല്‍, ഭീകരവാദത്തിനുള്ള ഫണ്ടിങ്, ഭീകരാക്രമണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്  യുവാക്കളെ ഉപയോഗപ്പെടുത്തുന്നതെന്നും എന്‍.ഐ.എ. പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

Related News