റഷ്യന്‍ ഡി.ജെയെ എത്തിച്ച് ബെംഗളൂരുവില്‍ ലഹരി പാര്‍ട്ടി: മലയാളി ഉൾപ്പെടെ 28 പേർ അറസ്റ്റിൽ

  • 19/09/2021


ബെംഗളൂരു: ജംഗിൾ സഫാരിയുടെ മറവിൽ ലഹരി പാർട്ടി നടത്തിയ കേസിൽ മലയാളി ഉൾപ്പെടെ 28 പേരെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്. അനേക്കലിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പരിശോധന നടത്തിയത്. ജംഗിൾ സഫാരിയുടെ മറവിലായിരുന്നു മരിജ്വാന, കൊക്കെയ്ൻ എന്നിവ ഉൾപ്പെടെ ഉപയോഗിച്ചുള്ള പാർട്ടി.

റഷ്യയിൽ നിന്ന് മോഡലുകളേയും ഡി.ജെയെയും എത്തിച്ചാണ് ലഹരി പാർട്ടി സംഘടിപ്പിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ ഡാൻസ് ചെയ്ത എല്ലാവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

കർഫ്യൂവും കോവിഡ് നിയന്ത്രണങ്ങളും ശക്തമായി നിലനിൽക്കുന്ന കർണാടകയിൽ നിയന്ത്രണങ്ങൾ ലംഘിച്ചാണ് പാർട്ടി സംഘടിപ്പിച്ചത്. സംഘത്തിൽ ഒരു മലയാളിയാണുണ്ടായിരുന്നത്. അറസ്റ്റിലായവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വലിയ അളവിൽ ലഹരി മരുന്നുകളും കണ്ടെടുത്തുവെന്നാണ് വിവരം.

പോലീസ് സംഘത്തെ കണ്ടപ്പോൾ പാർട്ടിയിൽ പങ്കെടുത്തവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും എന്നാൽ എല്ലാവരേയും പിടികൂടിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടിയിലായവർ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്.

Related News