അടുത്ത മാസം മുതല്‍ കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

  • 20/09/2021



ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ കയറ്റുമതി അടുത്ത മാസം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേയാണ് തീരുമാനം. വാക്സിന്‍ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കണമെന്ന ആവശ്യം യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉല്‍പ്പാദക രാഷ്ട്രമാണ് ഇന്ത്യ. നേരത്തെ, കോവിഡ് വാക്സിന്‍ കയറ്റുമതി ഏപ്രിലില്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെയായിരുന്നു ഇത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനമുണ്ടായ സാഹചര്യത്തിലാണ് വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കുന്നത്.

രാജ്യത്ത് ഡിസംബറിനകം 94.4 ശതമാനം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം. നിലവില്‍ 61 ശതമാനം പേര്‍ക്കും ഒരു ഡോസെങ്കിലും നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ആവശ്യം കഴിഞ്ഞ് മിച്ചംവരുന്ന വാക്സിനാണ് കയറ്റുമതി ചെയ്യുകയെന്നും അയല്‍രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. 100ഓളം രാജ്യങ്ങള്‍ക്കായി 6.6 കോടി ഡോസ് വാക്സിനാണ് ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ചത്.

ചൊവ്വാഴ്ചയാണ് മോദി ക്വാഡ് ഉച്ചകോടിക്കായി യു.എസിലെത്തുന്നത്. ജോ ബൈഡന്‍ പ്രസിഡന്‍റായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനവുമാണ്​. ഇന്ത്യ, അമേരിക്ക, ആസ്​ട്രേലിയ, ജപ്പാന്‍ എന്നീ രാഷ്​ട്രങ്ങളുടെ തലവന്മാര്‍ പ​െങ്കടുക്കുന്ന ക്വാഡ്​ ഉച്ചകോടിയില്‍ പ​െങ്കടുക്കാനാണ്​ മോദി അമേരിക്കയിലെത്തുന്നത്​. 2019 സെപ്​റ്റംബറിലാണ്​ മോദി ഒടുവില്‍ അമേരിക്ക സന്ദര്‍ശിച്ചത്​.

Related News