ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; തിരച്ചില്‍ 30 മണിക്കൂര്‍ പിന്നിട്ടു, മൊബൈല്‍ സേവനം നിര്‍ത്തിവച്ചു

  • 21/09/2021


   
ശ്രീനഗർ: അടുത്ത കാലത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ ജമ്മു കശ്മീരിൽ 30 മണിക്കൂറിലേറെയായി ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് കരസേന. വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ ഇന്റർനൈറ്റ്, മൊബൈൽ സേവനങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ നിർത്തിവച്ചു. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.

ആയുധ ധാരികളായ ആറംഗ സംഘമാണ് പാകിസ്താനിൽനിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചതെന്നാണ് ഡൽഹിയിൽനിന്ന് ലഭിക്കുന്ന വിവരം. നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് പരിക്കേറ്റു. നുഴഞ്ഞുകയറ്റം നടത്തുന്നതിൽ ആറംഗ സംഘം വിജയിച്ചോ, അതോ സൈന്യം നടത്തിയ വെടിവെപ്പിനെത്തുടർന്ന് അവർ തിരിച്ചപോയോ എന്നകാര്യം വ്യക്തമായിട്ടില്ല. ആരെങ്കിലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താനുള്ള തിരച്ചിലാണ് സൈന്യം നടത്തുന്നതെന്നാണ് വിവരം.

19 സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷിക ദിനമായിരുന്നു ശനിയാഴ്ച. 2016 സെപ്റ്റംബർ 18 നാണ് ചാവേറുകൾ ഉറി സൈനിക താവളത്തിനുനേരെ ഭീകരാക്രമണം നടത്തിയത്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ അതിർത്തി കടന്ന് മിന്നലാക്രമണം നടത്തുകയും നിരവധി ഭീകര താവളങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

അതിർത്തിയിലൂടെ നുഴഞ്ഞു കയറ്റം ഉണ്ടായതിന് പിന്നാലെ കശ്മീരിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുന്നത് ആദ്യമായാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും സേനകൾ തമ്മിൽ ഫെബ്രുവരിയിൽ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്.

നുഴഞ്ഞു കയറ്റം തുടരുന്നുണ്ടെങ്കിലും വെടിനിർത്തൽ ധരണയ്ക്ക് പിന്നാലെ പാക് സൈന്യത്തിൽനിന്ന് വെടിവെപ്പോ പ്രകോപനപരമായ നീക്കമോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം പറയുന്നു. നുഴഞ്ഞു കയറിയവരെ കണ്ടെത്തുന്നതിനുള്ള നീക്കം ഉറി സെക്ടറിൽ 30 മണിക്കൂർ പിന്നിട്ടും തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. കൂടുതൽ സൈന്യത്തെ ഉറി സെക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്. വിശാലമായ പ്രദേശം വളഞ്ഞാണ് തിരച്ചിൽ.

Related News