താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക് നിർദേശം തള്ളി; സാർക്ക് സമ്മേളനം റദ്ദാക്കി

  • 22/09/2021

ന്യൂഡൽഹി: ശനിയാഴ്ച ന്യൂയോർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപ്പറേഷൻ) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന പാക് നിർദ്ദേശത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടർന്നാണിത് എന്നാണ് സൂചന.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പാക് നിർദ്ദേശത്തെ എതിർത്തു. താലിബാനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാൻ ഭരണകൂടത്തിലെ പല മന്ത്രിമാരും യു.എൻ കരിമ്പട്ടികയിൽ ഉള്ളവർ ആയതിനാൽ ലോകരാജ്യങ്ങൾ പലതും ഇതേ സമീപനമാണ് പിൻതുടരുന്നത്. ആമിർ ഖാൻ മുത്താഖിയാണ് അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാർക്ക് സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞയാഴ്ച നടന്ന ഷാൻഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. അഫ്ഗാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകരാജ്യങ്ങൾ ഗൗരവതരമായ ആലോചന നടത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അഫ്ഗാൻ സർക്കാരിൽ പ്രാതിനിധ്യമില്ല എന്നകാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സാർക്ക് സമ്മേളനത്തിൽ താലിബാൻ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ തള്ളിയത്.

ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്ക്. ഇന്ത്യ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നവയാണ് സാർക്കിലെ അംഗരാജ്യങ്ങൾ. സാർക്ക് സമ്മേളനത്തിൽ അഫ്ഗാൻ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാൽ പാകിസ്താൻ ഇതിനോട് യോജിച്ചില്ല. അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവച്ചതെന്ന് സാർക്ക് സെക്രട്ടേറിയറ്റ് പ്രതികരിച്ചു.

Related News