സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തിൽ ലയിപ്പിക്കാൻ സാധിക്കുമെന്ന് പഠനം

  • 24/09/2021


വാഷിങ്ടൺ: മറ്റ് ജൈവ മാലിന്യങ്ങൾ ജീർണ്ണിക്കുന്ന വേഗത്തിൽ അളിഞ്ഞ് മണ്ണിലലിയുന്ന ഒന്നല്ല പ്ലാസ്റ്റിക്. കാലമെടുത്താണെങ്കിലും ഇവ ദ്രവിക്കുന്നതെങ്ങനെ എന്ന കാര്യത്തിലും വേണ്ട അറിവുകൾ ശാസ്ത്രലോകത്തിനില്ല. എന്നാൽ സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തിൽ ലയിക്കുന്ന ആയിരക്കണക്കിന് സംയുക്തങ്ങളാക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷന്റേതാണ്(WHOI) പുതിയ കണ്ടെത്തൽ .

പ്ലാസ്റ്റിക്കുകൾ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ അവ ചെറിയ കഷണങ്ങളായി വിഭജിച്ച് മൈക്രോപ്ലാസ്റ്റിക് ആയി മാറുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സൂര്യപ്രകാശം തട്ടുമ്പോൾ ഇവ എങ്ങനെയാണ് ഇത്തരത്തിൽ രാസപ്രവർത്തനത്തിന് വിധേയമാകുന്നതെന്ന് പരിശോധിച്ചത്. നീണ്ടുനിൽക്കുന്ന സൂര്യപ്രകാശത്തിൽ അവയുടെ രാസഘടന എങ്ങനെ മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാണ്(വാൾമാർട്ട്, സിവിഎസ്, ടാർഗറ്റ് എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകൾ) ഗവേഷകർ പഠനം നടത്തിയത്.

സൂര്യപ്രകാശം ഈ പ്ലാസ്റ്റിക്കുകളെ രാസപരമായി പരിവർത്തനം ചെയ്ത് അതിന്റെ ആദ്യ രൂപത്തോടും ഘടനയോടും യാതൊരുവിധ സാമ്യവുമില്ലാത്ത ഉത്പന്നങ്ങളായി മാറ്റിയതായി പഠനം വെളിപ്പെടുത്തുന്നു. ടാർഗെറ്റ് ബാഗ് 5,000 വ്യത്യസ്ത സംയുക്തങ്ങളായി വിഘടിച്ചു, വാൾമാർട്ട് ബാഗ് 15,000 സംയുക്തങ്ങളായും വിഘടിച്ചു. ഏറ്റവും കൂടുതൽ സംയുക്തങ്ങളായി വിഘടിക്കപ്പെട്ടത് വാൾമാർട്ട് ബാഗാണ്.

"സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ അനേകായിരം സംയുക്തങ്ങളായി വിഘടിപ്പിക്കാനുള്ള കഴിവുണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്", ഗവേഷണപഠനത്തിന്റെ സഹരചയിതാവ് കോളിൻ വാർഡ് പറഞ്ഞു.

പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മാത്രമല്ല ആ വസ്തുക്കളുടെ പരിവർത്തനത്തെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ വിഘടിച്ച സംയുക്തങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്ലാസ്റ്റിക് വിഘടിക്കുന്നത് നല്ല കാര്യമായി തോന്നുമെങ്കിലും, ഈ രാസവസ്തുക്കൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. കോളിൻ വാർഡ് കൂട്ടിച്ചേർത്തു.

Related News