ജനനതീയതി ഉള്‍പ്പെടുത്തിയ പുതിയ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ

  • 25/09/2021



പുണെ: വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് വാക്സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ ഇത് ലഭ്യമായിത്തുടങ്ങും. വാക്സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ജനനതീയതി കൂടി ഉൾപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര യാത്രികർക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം വാക്സിൻ സ്വീകരിച്ചയാളുടെ ജനനതീയതി വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന യുകെയുടെ നിലപാടനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്ന് കോവിൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നിലവിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ലിംഗം, റഫറൻസ് ഐഡി, വാക്സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്സിൻ നൽകിയ ആളുടെ പേര്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിവയാണുള്ളത്. ഇതിനൊപ്പം വാക്സിൻ സ്വീകരിച്ച ആളുടെ ജനന തീയതി കൂടി, ദിവസം-മാസം-വർഷം എന്ന ക്രമത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശ യാത്ര നടത്തേണ്ടവർക്കുവേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ യാത്ര നടത്തേണ്ടവർക്ക് കോവിൻ പോർട്ടലിൽ ജനന തീയതി കൂടി ചേർത്ത ശേഷം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും വക്താവ് പറഞ്ഞു.

ഇന്ത്യയിൽ നിന്ന് കൊറോണ വാക്സിനെടുത്തവർ രാജ്യത്തെത്തിയാൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന നിർദ്ദേശം ബ്രിട്ടൻ പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടൻ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടനെതിരെ വിമർശനങ്ങളുയർന്നിരുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൊറോണ സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടതെന്നായിരുന്നു യുകെയുടെ നിലപാട്. ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ് മാത്രമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും യുകെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ മാത്രമേ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കുകയുള്ളൂ എന്നും ബ്രിട്ടൻ നിലപാടെടുത്തിരുന്നു.

Related News