60 വയസ് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; ഇന്നത്തെ മന്ത്രിസഭായോഗം നിർണ്ണായകം.

  • 27/09/2021

കുവൈറ്റ് സിറ്റി : സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 500 ദിനാറിന്റെ  ആരോഗ്യ ഇൻഷുറൻസ്   ചുമത്തുക അതോടൊപ്പം റെസിഡൻസി പുതുക്കുന്നതിനായി 500 ദിനാറിൽ കുറയാത്ത ഒരു തുക ഈടാക്കുക എന്നീ നിർദ്ദേശങ്ങളാണ് പരിഗണിക്കാൻ സാധ്യത എന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ വന്‍ തുക ഏര്‍പ്പെടുത്തിയ മാന്‍പവര്‍ അതോറിറ്റി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യം. കുവൈത്തി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുഹമ്മദ് അൽ സാഖ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന് ഈ ആവശ്യം ഉയര്‍ത്തി നേരത്തെ കത്തെഴുതിയിട്ടുണ്ട്. 

ഈ തീരുമാനം കുവൈത്തിന് വിദഗ്ധരായ തൊഴിലാളികളെ നഷ്ടപ്പെടുത്തുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഈ തീരുമാനം റദ്ദാക്കണമെന്നും അത് നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ പെര്‍മിറ്റ് പുതുക്കുന്നതിന് 2,000 ദിനാറാണ് ഫീസ്.

60 വയസ്സുള്ള പ്രവാസികളുടെ പെർമിറ്റ് പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിനു ശേഷം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വെളിപ്പെടുത്തിയ  കണക്കുകൾ പ്രകാരം, 2021 -ന്റെ ആദ്യ പകുതിയിൽ 42,000 -ലധികം വിദേശ തൊഴിലാളികൾ കുവൈത്തിലെ സ്വകാര്യമേഖല ഉപേക്ഷിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതിൽ ഡോക്ടർമാർ അടക്കം  നിരവധി പ്രൊഫഷണൽ ജോലിക്കാരും ഉൾപ്പെടുന്നതാണ്, അവരിൽ ചിലർ മറ്റു രാജ്യങ്ങളിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News