മൂന്ന് വര്‍ഷത്തെ തടവ്; വാവേ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോയെ കാനഡ മോചിപ്പിച്ചു

  • 27/09/2021


ഒട്ടാവ: കാനഡയിൽ വീട്ടുതടങ്കലിലായിരുന്ന ചൈനീസ് ടെക്ക് ഭീമനായ വാവേയുടെ ഉന്നത ഉദ്യോഗസ്ഥ മെങ് വാൻഷോ മോചിതയായി. മൂന്ന് വർഷക്കാലം നീണ്ട ജയിൽ വാസത്തിനൊടുവിലാണ് മെങിനെ കാനഡ മോചിപ്പിച്ചത്. ചൈനയിൽ അറസ്റ്റിലായ രണ്ട് കാനഡ സ്വദേശികളെ വിട്ടയച്ചതിന് പകരമായാണ് മെങിനെ മോചിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് അവർ ചൈനയിൽ തിരിച്ചെത്തി.

മെങ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ 2018 ൽ ചാരവൃത്തി കേസ് ആരോപിച്ചാണ് മൈക്കൽ സ്പേവർ, മൈക്കൽ കോവ്രിഗ് എന്നിവരെ ചൈന തടവിലാക്കിയത്. മെങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമെന്നോണമായിരുന്നു ഈ അറസ്റ്റെന്ന് ആരോപണമുണ്ടെങ്കിലും ചൈന അത് നിഷേധിക്കുകയാണുണ്ടായത്.

എന്നാൽ മെങ് വാൻഷോയെ മോചിപ്പിച്ചതിന് പിന്നാലെ കാനഡക്കാരെ വിട്ടയച്ചതോടെ കാനഡ സ്വദേശികളുടെ അറസ്റ്റ് പ്രതികാര നടപടിയായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോൺ ബ്രാന്റായിരുന്ന വാവേയുടെ ഉപമേധാവിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ് മെങ് വാൻഷോ. വാവേയുടെ സ്ഥാപകൻ റെൻ ഷെങ്ഫെയുടെ മകളാണ് ഇവർ. 2018 ഡിസംബർ ഒന്നിന് വാൻകോവറിൽ വിമാനയാത്രക്കൊരുങ്ങുന്നതിനിടെയാണ് ഇവരെ കാനഡ അറസ്റ്റ് ചെയ്തത്.

ഇറാനുമേലുള്ള അമേരിക്കൻ ഉപരോധ നിബന്ധനകൾ ലംഘിച്ചു എന്ന് ആരോപിച്ചാണ് വാവേയുടെ സ്ഥാപകന്റെ മകൾ കൂടിയായ മെങ് വാൻഷോവിനെ അറസ്റ്റ് ചെയ്തത്.

2009-2014 കാലഘട്ടത്തിൽ ഇറാനുമേലുള്ള ഉപരോധം മറികടക്കാൻ വാൻഷോ വാവേയുടെ സഹ സ്ഥാപനമായ സ്കൈ കോമിനെ ഉപയോഗപ്പെടുത്തിയെന്ന് ബ്രിട്ടിഷ് കൊളംബിയ കോടതി പറഞ്ഞു. സ്കൈകോം വേറൊരു കമ്പനിയാണെന്ന വിധത്തിൽ വാൻഷോ തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെ വിവിധ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും വാൻഷോവിന്റെ പേരിൽ ചുമത്തിയിട്ടുണ്ട്.

വാവേയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ വിപണിയിൽ നിന്ന് പുറത്താക്കിയതും. യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും ഉൾപ്പടെ വാവേയുടെ സാങ്കേതിക വിദ്യകൾ അവഗണിക്കപ്പെട്ടതും ഈ സംഭവത്തിന് പിന്നാലെയാണ്.

അതേസമയം ഇറാനിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനി സ്കൈകോമുമായുള്ള വാവേയുടെ ബന്ധം സംബന്ധിച്ച് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ചന്നെ ആരോപണം മെങ് അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

മെങിന്റെ അറസ്റ്റോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മെങിനെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാൽ അറസ്റ്റിലായ കാനഡ പൗരന്മാരെ വെച്ച് ചൈന വിലപേശുകയായിരുന്നുവെന്നാണ് വിവരം. ചൈനയിലെത്തിയ മെങ് വാൻഷോവിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

Related News