റിയൽ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു

  • 29/09/2021

കുവൈത്ത് സിറ്റി : റിയൽ എസ്റ്റേറ്റ് മേഖലയില്‍  വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. റിയൽ എസ്റ്റേറ്റ് വികസനത്തിന് ആവശ്യമായ  ഭവന നയങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണയിലാണ്. സ്വകാര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.നികുതികൾ ചുമത്തി വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ആസ്തികൾ പൂർണമായി സ്വന്തമാക്കാനുള്ള നിര്‍ദ്ദേശം  മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭവന ലോണുകള്‍ നല്‍കുന്നതിലും ഭൂമി വിതരണം ചെയ്യുന്നതിനും ഉദാരമായ സമീപനം സ്വീകരിക്കും. ഭവന  വിതരണത്തിലും ഉപഭോഗത്തിലും സാധനങ്ങൾ, സേവനങ്ങൾ, പൊതു ആസ്തികൾ എന്നിവയുടെ വിലനിർണ്ണയം സംബന്ധിച്ച സാമ്പത്തിക നയങ്ങൾ വികസിപ്പിക്കുന്നതിനും നിരവധി നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

നേരത്തെ വലിയ തോതിൽ വിദേശികൾ ഒഴിഞ്ഞു പോയതോടെ കുവൈത്ത് റിയൽ എസ്റ്റേറ്റ് മേഖല വൻതകർച്ച നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യത്തെ 3,35,100 അപ്പാർട്മെന്റുകളിൽ 61,000 അപ്പാർട്മെന്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഒട്ടേറെ വിദേശികളാണ് രാജ്യം വിട്ടു പോയത്. പലര്‍ക്കും മടങ്ങിവരാൻ കഴിയാത്തതും റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ പ്രതിസന്ധിക്കിടയായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസക്കാരെ കിട്ടാത്തതിനാൽ ഉടമകൾ വാടകയിൽ കുറവ് വരുത്തിയതായും റിപ്പോർട്ടുണ്ട്.

Related News