വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് താലിബാൻ ഭരണകൂടം

  • 29/09/2021


ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് താലിബാൻ ഭരണകൂടം. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കത്തെഴുതിയത്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യൻ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാൻ സൈന്യം കാബൂളിൽ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയുംചെയ്ത സമയംമുതൽ ഇന്ത്യ അഫ്ഗാനിസ്താനിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.

സെപ്റ്റംബർ ഏഴാം തിയ്യതി രേഖപ്പെടുത്തിയിരിക്കുന്ന കത്തിൽ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാൻ സിവിൽ ഏവിയേഷൻ മന്ത്രിയായ അൽഹാജ് ഹമീദുള്ള അഖുൻസാദയാണ്. നിലവിൽ അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സർവീസുള്ള രണ്ട് രാജ്യങ്ങൾ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തർ, തുർക്കി, ഉക്രൈൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

Related News