ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പ്: മമതയുടെ ലീഡ് കാൽലക്ഷം കടന്നു

  • 03/10/2021

കൊൽക്കത്ത: ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നേടി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മികച്ച വിജയത്തിലേക്ക് നീങ്ങുന്നു. രാവിലെ 11.30-ലെ കണക്ക് അനുസരിച്ച് കാൽലക്ഷം വോട്ടിൻ്റെ ലീഡ് നേടി മികച്ച വിജയത്തിലേക്ക് ബം​ഗാൾ മുഖ്യമന്ത്രി നീങ്ങുകയാണ്.  ഏഴാം റൌണ്ടിലേക്ക് വോട്ടെടുപ്പ് എത്തുമ്പോൾ മമത ബാനർജി - 31,033 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാൾ  5719 വോട്ടുകളുമാണ് നേടിയത്. 

കൃത്യമായും വലിയൊരു ഭൂരിപക്ഷത്തിലേക്ക് മമത പോകുന്നുവെന്നാണ് ഇപ്പോൾ ഉള്ള സൂചന. ഭവാനിപ്പൂരിൽ അരലക്ഷം വോട്ടുകളെങ്കിലും മമത പിടിക്കുമെന്നാണ് തൃണമൂലിൻ്റെ പ്രതീക്ഷ. 2011 തെരഞ്ഞെടുപ്പിൽ ഭവാനിപ്പൂരിൽ 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമത ജയിച്ചത്. ഇക്കുറി ആ റെക്കോർഡ് തിരുത്തപ്പെടുമെന്ന് തൃണമൂൽ നേതാക്കൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.

ഭവാനിപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്നന്ന ജങ്കിപ്പൂർ , ഷംഷേർഗഞ്ച് എന്നീ മണ്ഡലങ്ങളിലും ലഭ്യമായ വിവരങ്ങനുസരിച്ച് തൃണമൂൽ കോൺ​ഗ്രസ് മുന്നിട്ട് നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിച്ച് തൃണമൂൽ അധികാരം നിലനിർത്തിയെങ്കിലും നന്ദീ​ഗ്രാമിൽ സുവേധു അധികാരിയോട് മമതാ ബാന‍ർജി പരാജയപ്പെട്ടത് തൃണമൂലിന് വലിയ ആഘാതമായിരുന്നു. ജനപ്രാതിനിധ്യനിയമം അനുസരിച്ച് അധികാരമേറ്റ് ആറ് മാസത്തിനകം മുഖ്യമന്ത്രിയായ മമതയ്ക്ക് നിയമസഭാ അം​ഗത്വം നേടേണ്ടതായിട്ടുണ്ട്. അങ്ങനെയാണ് ഭവാനിപ്പൂരിലെ സിറ്റിം​ഗ് എംഎൽഎ മമതയ്ക്ക് വേണ്ടി രാജിവച്ചതും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. മമതയും വസതിയായ കാളിഘട്ടടക്കം ഉൾപ്പെടുന്ന മണ്ഡമായ ഭവാനിപ്പൂ‍ർ അവരുടെ ശക്തികേന്ദ്രം കൂടിയാണ്. 2011ലും 2016ലും ഭവാനിപ്പൂരിൽ നിന്നാണ് മമത നിയമസഭയിലേക്ക് എത്തിയത്. ഇവിടെ മമതയ്ക്ക് വിജയം ഉറപ്പാണെങ്കിലും ഇക്കുറി ചരിത്രഭൂരിപക്ഷത്തോടെ ജയിച്ചു കേറണം എന്ന മോഹത്തിലാണ് തൃണമൂൽ. 

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘ‍ർഷങ്ങളിൽ തൃണമൂൽ സർക്കാരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് വന്ന അഭിഭാഷകയാണ് ബിജെപി സ്ഥാനാ‍ർത്ഥി പ്രിയങ്ക ടിബ്രേവാൾ അവരെ സ്ഥാനാ‍ർത്ഥിയാക്കുക അവിടെ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ കൂടി ചർച്ചയാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ആ തന്ത്രം വിജയിച്ചില്ലെന്ന സൂചനയാണ് അവിടെ നിന്നും ലഭിക്കുന്നത്. വോട്ട് വിഹിതത്തിൽ വല്ലാതെ പിന്നോട്ട് പോയ സിപിഎമ്മിനും നല്ലവാർത്തയൊന്നും ഭവാനിപ്പൂരിൽ നിന്നും ലഭിക്കാനില്ല. 

21 റൗണ്ടുകൾ ആയാണ് ഭവാനിപ്പൂരിലും മറ്റു മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് ത്രിതല സുരക്ഷാ സംവിധാനം ആണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 24 കമ്പനി കേന്ദ്രസേനയെ ഭവാനിപൂരിൽ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന ജങ്കിപ്പൂർ , ഷംഷേർഗഞ്ച്, ഒഡീഷയിലെ പിപ്പ്ലി മണ്ഡലങ്ങളിലും ഇന്നാണ്  വോട്ടെണ്ണൽ നടക്കുന്നത്.

Related News